സെക്കന്റില്‍ ഒരു ജിബി വരെ വേഗത; കേരളത്തിന്റെ സ്വപ്നക്കുതിപ്പിന് വേഗമാകാന്‍ കെ ഫോണ്‍

By Web TeamFirst Published Jan 15, 2021, 4:31 PM IST
Highlights

കെ ഫോണില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും അവസരം ഉണ്ടാക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈ മാസത്തോടെ പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകും. കേരളത്തിലെ എല്ലാ ടെലികോം സേവന ദാതാക്കള്‍ക്കും കെ ഫോണ്‍ ഉപയോഗിക്കാനാവും.
 

തിരുവനന്തപുരം: കെ ഫോണ്‍ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് കേരള ബജറ്റ് 2021 ല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെക്കന്റില്‍ പത്ത് എംബി മുതല്‍ ഒരു ജിബി വരെ വേഗതയില്‍ ഇന്റര്‍നെറ്റ് സേവനമൊരുക്കാനുള്ള വന്‍ പദ്ധതിയാണിത്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്, 30000ത്തിലേറെ വരുന്ന സര്‍ക്കാര്‍ ഓഫീസുകളെ ബന്ധിപ്പിക്കുന്ന ഇന്‍ട്രാനെറ്റ് എന്നിവയെല്ലാം സര്‍ക്കാരിന്റെ ലക്ഷ്യങ്ങളാണ്. എന്നാല്‍ കേരളത്തിലെ ഐടി രംഗത്ത് കൂടുതല്‍ കമ്പനികളെ സ്വാഗതം ചെയ്യാനും ഐടി അനുബന്ധ വ്യവസായ മേഖലയ്ക്ക് ഉണര്‍വും ഉത്തേജനവും പകരുന്നതുമാണ് ഈ പദ്ധതി.

കെ ഫോണില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും അവസരം ഉണ്ടാക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈ മാസത്തോടെ പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകും. കേരളത്തിലെ എല്ലാ ടെലികോം സേവന ദാതാക്കള്‍ക്കും കെ ഫോണ്‍ ഉപയോഗിക്കാനാവും. ഗുണനിലവാരമുള്ള ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. 

സാങ്കേതിക വിദ്യ അതിവേഗം വികാസം പ്രാപിക്കുന്നതിനാല്‍ തന്നെ, കുറഞ്ഞ ചെലവിലുള്ള ഇന്റര്‍നെറ്റ് ലഭ്യമായാല്‍ കേരളത്തിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന വിധത്തില്‍ വലിയ തോതിലുള്ള വികസന മുന്നേറ്റത്തിന് കരുത്തേകുമെന്നാണ് കരുതുന്നത്. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് രംഗത്തും ചെറുകിട വ്യവസായ രംഗത്തും ടൂറിസം രംഗത്തുമെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാനുള്ള അടിസ്ഥാന ശില കൂടിയാണ് കെ ഫോണ്‍. ഡിജിറ്റല്‍ സേവനം ലഭ്യമാക്കുന്നതിന് ആവശ്യമായ രീതിയില്‍ കുറ്റമറ്റ നിലയില്‍ കെ ഫോണ്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ വലിയ തോതില്‍ വിദേശ നിക്ഷേപമടക്കം കേരളത്തിലെത്തിക്കാനും സാധിക്കും. അത് സംസ്ഥാനത്തിന്റെ പുരോഗതിയിലേക്ക് വഴിവെക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും ലക്ഷ്യം. ടെലികോം സേവന ദാതാക്കളെ ആശ്രയിക്കുമ്പോള്‍ വിലയില്‍ സര്‍ക്കാരിന് നിയന്ത്രണം ഉണ്ടാവില്ലെന്ന ന്യൂനതയെ മറികടക്കാന്‍ കൂടി സാധിക്കും. കൂടുതല്‍ നിക്ഷേപമെത്തിയാല്‍ അതിന് തത്തുല്യമായ നിലയില്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാവും. ലോകമാകെ ഡിജിറ്റല്‍ വിപ്ലവം നടക്കുന്ന ഘട്ടമായതിനാല്‍ കെ ഫോണ്‍ കേരളത്തിന്റെ വലിയ സ്വപ്നങ്ങള്‍ക്ക് പാതയൊരുക്കുമെന്ന വിലയിരുത്തലിന് പ്രസക്തിയുണ്ട്.

പദ്ധതിയുടെ ഓഹരി മൂലധനത്തില്‍ 166 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ഇന്റര്‍നെറ്റ് ഹൈവേ ഒരു സ്വകാര്യ കമ്പനിയുടെയും കുത്തകയായിരിക്കില്ലെന്ന ഉറപ്പ് കൂടി മന്ത്രി ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. കേരളത്തിലെ എല്ലാ സേവന ദാതാക്കള്‍ക്കും കെ-ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും കുറഞ്ഞ നിരക്കില്‍ മികച്ച ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുകയുമാണ് കെ-ഫോണിന്റെ ലക്ഷ്യമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

click me!