അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് ആദ്യ സംഭാവന രാഷ്ട്രപതിയിൽ നിന്ന്; 5.01 ലക്ഷം രൂപ

By Web TeamFirst Published Jan 15, 2021, 4:10 PM IST
Highlights

രാജ്യത്തെ പ്രഥമ പൗരനായതിനാലാണ് അദ്ദേഹത്തോട് തന്നെ ക്ഷേത്ര നിർമ്മാണത്തിനുള്ള ആദ്യത്തെ സംഭാവന സ്വീകരിച്ചതെന്ന് രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി

ദില്ലി: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് 501000 രൂപ സംഭാവന നൽകി ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാമക്ഷേത്ര നിർമ്മാണത്തിനായി രൂപീകരിച്ച രാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് സഹ അധ്യക്ഷൻ ഗോവിന്ദ് ദേവ് ഗിരി രാഷ്ട്രപതിയെ നേരിൽ കണ്ട് ധനാഭ്യർത്ഥന നടത്തിയിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇദ്ദേഹത്തിനൊപ്പം വിശ്വ ഹിന്ദു പരിഷത്ത് ദേശീയ വർക്കിങ് പ്രസിഡന്റ് അലോക് കുമാറും ക്ഷേത്ര നിർമ്മാണ കമ്മിറ്റി തലവൻ നൃപേന്ദ്ര മിശ്രയം ആർഎസ്എശ് നേതാവായ കുൽഭൂഷൺ അഹുജയും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രഥമ പൗരനായതിനാലാണ് അദ്ദേഹത്തോട് തന്നെ ക്ഷേത്ര നിർമ്മാണത്തിനുള്ള ആദ്യത്തെ സംഭാവന സ്വീകരിച്ചതെന്ന് ഇവർ പറഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തിനുള്ള സംഭാവനകൾ സ്വീകരിക്കുന്നതിന് ഇന്നാണ് തുടക്കമായത്. 

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് രാമക്ഷേത്രം മാത്രമല്ലെന്നും രാജ്യത്തിന്റെ ക്ഷേത്രമാണെന്നും ചൗഹാൻ പറഞ്ഞു. സംഭവാന രാജ്യത്തെ 525000 വില്ലേജുകളിൽ നിന്ന് സ്വീകരിക്കും. പിരിക്കുന്ന തുക 48 മണിക്കൂറിനകം ബാങ്കിൽ നിക്ഷേപിക്കണമെന്നാണ് വോളണ്ടിയർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
 

click me!