
കോഴിക്കോട്: ഡോ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വാർത്തയുണ്ടാക്കാൻ ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. റോഡിൽ മുറിവ് പറ്റി കിടന്നയാളെ പോലീസ് ആശുപത്രിയിൽ കൊണ്ടുപോവുകയാണ് ചെയ്തത്. അവിടെയെത്തിയ ശേഷം അയാൾ അക്രമാസക്തനാവുകയും എല്ലാവരെയും ആക്രമിക്കുകയുമാണ് ചെയ്തതെന്ന് സിപിഎം പിബി അംഗം കൂടിയായ എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
Read More: 'അയാള്‍ വെളുപ്പാംകാലത്ത് പൊലീസിനെ വിളിക്കുന്നു, പരാതി പറയുന്നു'; ഡോ. വന്ദനയുടെ മരണത്തെ കുറിച്ച്...
സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ പ്രസ്താവന പിടിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രചരണമാക്കി വിഷയത്തെ മാറ്റാൻ ശ്രമിച്ചു. ഇത്ര മനുഷ്യത്വം ഇല്ലാത്ത കാര്യമാണോ ചെയ്യുന്നതെന്ന് ചോദിച്ച അദ്ദേഹം ദാരുണമായ സംഭവം നടന്നിട്ട് സർക്കാരിനെതിരെ എങ്ങനെ വാർത്ത ഉണ്ടാക്കാമെന്നാണ് ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും നോക്കിയതെന്നും വിമർശിച്ചു.
Read More: ഡോ വന്ദനയ്ക്ക് ശരീരത്തിലേറ്റത് 11 കുത്തുകൾ; മുതുകിലും തലയിലുമേറ്റ കുത്തുകൾ മരണ കാരണം
സംസ്ഥാനത്ത് ബിജെപിയെ നേരിടാൻ കോൺഗ്രസിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ജയിക്കാൻ പറ്റുന്ന ഒരു മണ്ഡലം പോലുമില്ല. മുസ്ലിം ലീഗിന്റെ പിന്തുണയില്ലെങ്കിൽ വയനാട് സീറ്റിൽ രാഹുൽ ഗാന്ധി ജയിക്കില്ലായിരുന്നു. തമിഴ്നാട്ടിൽ സിപിഎമ്മിനെ പോലെ തന്നെയാണ് കോൺഗ്രസും. രണ്ട് പാർട്ടികൾക്കും ശക്തി കുറവാണ്. ബിജെപി സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് ഭരിച്ചാൽ എന്ത് സംഭവിക്കുമെന്നതിന്റെ നേർ ഉദാഹരണമാണ് മണിപ്പൂർ. കലാപം ആസൂത്രണം ചെയ്യാൻ ആർഎസ്എസിനെ പോലെ മറ്റാർക്കും സാധിക്കില്ല. മണിപ്പൂരിലെ കലാപം ആസൂത്രിതമായി ചെയ്തതാണ്. കേരളവും അഗ്നിപർവതത്തിന് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
Read More: ഡോ വന്ദന കൊലക്കേസ്: പ്രതി സന്ദീപ് റിമാന്റിൽ; സംസ്ഥാന വ്യാപകമായി നാളെയും ഡോക്ടർമാർ പണിമുടക്കും
അതേസമയം എഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണം അദ്ദേഹം നിഷേധിച്ചു. എഐ ക്യാമറ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് സ്ഥാപിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്ന വാദമാണ് എംവി ഗോവിന്ദൻ ഉയർത്തിയത്. പദ്ധതിയിൽ ഉപ കരാർ കൊടുക്കാതെ പറ്റില്ലായിരുന്നു. എഐ ക്യാമറ സ്ഥാപിക്കാൻ പല സാങ്കേതിക വിദ്യകൾ നടപ്പാക്കേണ്ടതുണ്ടായിരുന്നു. അത് മാത്രമേ നടന്നിട്ടുള്ളൂവെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam