ഏറെ ദുഖിപ്പിക്കുന്ന ഈ സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ കുറിച്ചാണ് ഏവരും ഇപ്പോള്‍ സംസാരിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊലീസിന് എത്തരത്തിലാണ് വീഴ്ച സംഭവിച്ചിട്ടുണ്ടായിരിക്കുക- എന്നതിനെ കുറിച്ച് അവലോകനം ചെയ്യുകയാണ് പ്രമുഖ മനശാസ്ത്ര വിദഗ്ധൻ ഡോ. സി ജെ ജോണ്‍

കൊട്ടാരക്കരയില്‍ ആശുപത്രിയില്‍ വച്ച് യുവ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി കുത്തിക്കൊലപ്പെടുത്തിയ സംഭവമാണ് ഇന്ന് കേരളം മുഴുവനും, ഒരുപക്ഷേ കേരളത്തിന് പുറത്തും സജീവ ചര്‍ച്ചയാകുന്നത്. ഇരുപത്തിരണ്ടുകാരിയായ ഡോ. വന്ദന ദാസ് ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. 

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. പൊലീസ് കസ്റ്റഡിയില്‍ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പ്രതിയുടെ മുറിവുകള്‍ പരിശോധിച്ച് വേണ്ട ചികിത്സ നല്‍കുന്നതിനിടെ ഇയാള്‍ അക്രമാസക്തനാവുകയും മെഡിക്കല്‍ ഉപയോഗത്തിന് വച്ചിരുന്ന കത്രികയെടുത്ത് പൊലീസുകാര്‍ക്കെതിരെയും ചികിത്സാമുറിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കെതിരെയും തിരിയുകയായിരുന്നു. 

എന്നാല്‍ പൊലീസുകാര്‍ അടക്കമുള്ള എല്ലാവരും പ്രതി അക്രമാസക്തനായതോടെ ഇവിടെ നിന്ന് ഓടി പുറത്ത് കടക്കുകയും മറ്റ് മുറികളില്‍ അഭയം തേടുകയും ആയിരുന്നു. ഇതിനിടെ ഒരു പൊലീസുകാരനും കത്രിക കൊണ്ടുള്ള കുത്തേറ്റിരുന്നു. എല്ലാവരും രക്ഷപ്പെട്ട സമയത്ത് പ്രതി സന്ദീപിന് മുമ്പിലായി ഡോ. വന്ദന ഒറ്റപ്പെടുകയായിരുന്നു. ഇതോടെ സന്ദീപിന്‍റെ ആക്രമണം മുഴുവൻ ഇവര്‍ക്ക് നേരെയായി. 

തുടര്‍ന്ന് കയ്യിലിരുന്ന വലിയ കത്രിക ഉപയോഗിച്ച് വന്ദനയെ പലവട്ടം കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം 11 കുത്തുകളാണ് വന്ദനയ്ക്ക് ഏറ്റിരിക്കുന്നത്. മുതുകിലേറ്റ ആറ് കുത്തും തലയ്ക്കേറ്റ മൂന്ന് കുത്തുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. 

ഏറെ ദുഖിപ്പിക്കുന്ന ഈ സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ കുറിച്ചാണ് ഏവരും ഇപ്പോള്‍ സംസാരിക്കുന്നത്. ഡോക്ടര്‍മാരുടെ സംഘടനായ ഐഎംഎ ( ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ) അടക്കം ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്കോടര്‍മാര്‍ അതിശക്തമായ പ്രതിഷേധവും നടത്തിവരികയാണ്. 

ഈ സാഹചര്യത്തില്‍ പൊലീസിന് എത്തരത്തിലാണ് വീഴ്ച സംഭവിച്ചിട്ടുണ്ടായിരിക്കുക- എന്നതിനെ കുറിച്ച് അവലോകനം ചെയ്യുകയാണ് പ്രമുഖ മനശാസ്ത്ര വിദഗ്ധൻ ഡോ. സി ജെ ജോണ്‍. തന്‍റെ ഫേസ്ബുക്ക് പേജിലാണ് ഡോ. ജോണ്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

ഡോ. ജോണിന്‍റെ വാക്കുകള്‍...

''കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തും മുമ്പേയുള്ള പ്രതിയുടെ പെരുമാറ്റത്തെ കുറിച്ച് ലഭ്യമായ വിവരങ്ങൾ ഇങ്ങനെ.

അയാൾ വെളുപ്പാംകാലത്ത് പോലീസിനെ വിളിക്കുന്നു. ആരോ ഉപദ്രവിക്കാൻ വരുന്നുവെന്ന് പരാതി പറയുന്നു. പോലീസ് ചെല്ലുമ്പോൾ അയാൾ മദ്യലഹരിയിലായിരുന്നു. കാലിൽ മുറിവേറ്റിരുന്നു. കയ്യിൽ വടിയുണ്ടായിരുന്നു. കക്ഷിയുടെ മാനസികനില അവതാളത്തിലായിരുന്നുവെന്ന് വ്യക്തം. 

ഇത്തരം സന്ദർഭങ്ങളിൽ പോലീസ് എടുക്കേണ്ട ജാഗ്രതകൾ എന്തൊക്കെയെന്ന കാര്യത്തിൽ പൊലീസിന് വലിയ അറിവ് ഇല്ലായിരുന്നുവെന്ന് വ്യക്തം. ഉപദ്രവിക്കുമെന്ന മിഥ്യധാരണയുടെ പ്രേരണയിൽ സൃഷ്ടിച്ച ഭാവനാകഥാപാത്രമായി ഡോക്ടറും മറ്റുള്ളവരും മാറിയോ? 

ഒരു പരിചയവുമില്ലാത്തവരെ ആക്രമിച്ചത് താളം തെറ്റിയ മനോനില സൃഷ്ടിച്ച ഡെല്യൂഷൻ മൂലമോ? പ്രകോപനമായത്‌ ഈ ചിന്താ വൈകല്യമോ? 

പലപ്പോഴും ഇത്തരക്കാരുമായി പൊലീസിന് ഇടപെടേണ്ടി വരും. ഇവരെയെല്ലാം കൈകാര്യം ചെയ്യാനുള്ള പരിശീലനം അനിവാര്യമാണെന്ന സൂചന കൂടി ഈ സംഭവത്തിലുണ്ട്. പൊടുന്നനെ അക്രമകാരിയാകുവാനുള്ള സാധ്യത കേട്ട വിവരണങ്ങളിലുണ്ട്. പോലീസ് അത് ശ്രദ്ധിച്ചിട്ടില്ല. ജാഗ്രത പാലിച്ചിട്ടില്ല. പൊലീസിന് അവശ്യം വേണ്ട മാനസികാരോഗ്യവബോധം ഇല്ലാത്തതിന്‍റെ പ്രതിഫലനം കൂടിയാണ് ഈ ദുരന്തം...''

Also Read:- ഡോക്ടർ വന്ദനയുടെ കൊലപാതകം: പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേ? വിമർശനവുമായി ഹൈക്കോടതി

Asianet News Malayalam Live News | Karnataka Election 2023| Doctor Attack | Kerala Live TV News