
തിരുവനന്തപുരം: പ്രവാസി പുനരധിവാസത്തിനായി സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഡ്രീം കേരള പദ്ധതി ഒന്നരമാസമായിട്ടും ഒരിഞ്ചുപോലും മുന്നോട്ടു പോയില്ല. തിരുവനന്തപുരത്തെ ലോക്ഡൗൺ മൂലമാണ് പദ്ധതിയുടെ കൃത്യമായ ഏകോപനം നടക്കാതിരുന്നതെന്നാണ് നോർക്ക അധികൃതരുടെ വിശദീകരണം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടമായി നാട്ടിലേക്ക് തിരിച്ചുവന്ന ഒരു ലക്ഷത്തിലേറെ പ്രവാസികളാണ് ഈ വാക്കുകളിൽ വിശ്വാസമർപ്പിച്ച് കാത്തിരുന്നത്.
ജൂലൈ 15 മുതല്‍ 30 വരെ, ഐഡിയത്തോണ്‍, ആഗസ്റ്റ് 1 മുതല്‍ 10 വരെ സെക്ടറല്‍ ഹാക്കത്തോണ്‍, ആഗസ്റ്റ് 14ന് തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ വെര്‍ച്വല്‍ അസംബ്ലിയില്‍ അവതരിപ്പിക്കൽ, 2020 നവംബര്‍ 15നു മുമ്പ് പദ്ധതിയുടെ പൂർത്തീകരണം. ഇങ്ങനെയായിരുന്നു പ്രഖ്യാപനങ്ങൾ. പൊതുജനങ്ങളുടെ ആശയങ്ങൾ കൂടി ക്രോഡീകരിച്ച് പദ്ധതികളുടെ രൂപീകരണം, സിവിൽ സർവീസ് ഉദ്യോഗസ്ഥരും പ്രമുഖരും അടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ അതിവേഗം നടപ്പാക്കൽ. ഇങ്ങനെയൊക്കെ വിഭാവനം ചെയ്തിരുന്ന സ്വപ്ന പദ്ധതി പക്ഷെ ഫയലുകളിൽ ഉറങ്ങുകയാണ്.
തിരുവന്തപുരം നഗരത്തിലെ ലോകഡൗൺ മൂലമാണ് തുടർനടപടിയിൽ കാലതാമസം വന്നതെന്നാണ് നോർക്കയുടെ വിശദീകരണം. നടപടികൾ വീണ്ടും തുടങ്ങുന്നത് എപ്പോഴെന്നതിൽ കൃത്യമായ മറുപടിയുമില്ല. ഇതിനിടെ പദ്ധതിയുടെ നിർവഹണ സമിതിയിൽ അംഗമായ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രന്റെ പേര് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്നു വന്നതും വിവാദമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam