താൻ സ്വപ്നം കണ്ട സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് മുടങ്ങി, കാരണക്കാര്‍ക്ക് പണികൊടുക്കാൻ കൊല്ലം സ്വദേശിനി തുനിഞ്ഞിറങ്ങി, വസ്ത്ര സ്ഥാപനത്തിന് പിഴ

Published : Jun 06, 2026, 08:12 PM IST
Save the date

Synopsis

വിവാഹ ഫോട്ടോഷൂട്ടിനുള്ള വസ്ത്രം കൃത്യസമയത്ത് മാറ്റങ്ങൾ വരുത്തി നൽകാത്തതിന് ആലപ്പുഴയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന് ഉപഭോക്തൃ കോടതി പിഴ ചുമത്തി. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ, ഗൗണിന്റെ വിലയും നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.

കൊല്ലം: വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ട് വസ്ത്രത്തിൽ ഉപഭോക്താവ് നിർദ്ദേശിച്ചതുപോലെയുള്ള മാറ്റങ്ങൾ വരുത്തി കൃത്യസമയത്ത് നൽകാത്ത വസ്ത്രവ്യാപാര സ്ഥാപനത്തിന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കനത്ത പിഴ ചുമത്തി. കൊല്ലം പള്ളിത്തോട്ടം സ്വദേശിനിയായ ജെന്നിഫർ ഷാ നൽകിയ പരാതിയിലാണ് ആലപ്പുഴയിലെ പ്രമുഖ സ്ഥാപനത്തിനും അതിന്റെ മാനേജിങ് ഡയറക്ടർക്കും എതിരെ കമ്മീഷൻ വിധി പ്രസ്താവിച്ചത്. വിവാഹത്തിന് തൊട്ടുമുൻപുള്ള ഫോട്ടോഷൂട്ടിനായിട്ടായിരുന്നു ജെന്നിഫർ ഷാ ആലപ്പുഴയിലെ സ്ഥാപനത്തിൽ നിന്നും പ്രത്യേക ഗൗൺ വാങ്ങിയത്.

വസ്ത്രത്തിൽ വരുത്തേണ്ട ചില മാറ്റങ്ങൾ ഉപഭോക്താവ് സ്ഥാപനത്തെ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ ഇതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ സ്ഥാപനം തയ്യാറായില്ല. കൃത്യസമയത്ത് ഗൗൺ മാറ്റങ്ങൾ വരുത്തി നൽകാത്തതു മൂലം നിശ്ചയിച്ചുറപ്പിച്ച ഫോട്ടോഷൂട്ട് പൂർണ്ണമായും മുടങ്ങുകയായിരുന്നു. ഇതോടെയാണ് യുവതി നിയമപോരാട്ടത്തിന് ഇറങ്ങിയത്. തന്റെ സ്വപ്ന ഫോട്ടോഷൂട്ട് മുടക്കിയ സ്ഥാപനത്തിനെതിരെ യുവതി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. കേസ് വിശദമായി പരിശോധിച്ച കമ്മീഷൻ സ്ഥാപനത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തുകയും പരാതിക്കാരിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

വിധിപ്രകാരം ഗൗണിന്റെ യഥാർത്ഥ വിലയായ 23,350 രൂപ സ്ഥാപനം യുവതിക്ക് തിരികെ നൽകണം. ഇതിനുപുറമെ ഫോട്ടോഷൂട്ട് മുടങ്ങിയതിലൂടെയുണ്ടായ നഷ്ടപരിഹാരമായി 25,000 രൂപയും, കേസ് നടത്തുന്നതിനായി വന്ന ചെലവിലേക്ക് 10,000 രൂപയും ഉൾപ്പെടെ വലിയൊരു തുക പരാതിക്കാരിയായ ജെന്നിഫർ ഷായ്ക്ക് നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. കോടതിയിൽ പരാതിക്കാരിക്ക് വേണ്ടി അഡ്വ. എം.എസ്. അജിത് കുമാർ ഹാജരായി. ഉപഭോക്താക്കളുടെ ആവശ്യങ്ങളോട് കൃത്യത കാണിക്കാത്ത സ്ഥാപനങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ വിധി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു ലിറ്ററിന് ഒറ്റയടിക്ക് 43 രൂപയുടെ കുറവ്, ജനങ്ങൾക്ക് വൻ ആശ്വാസമായി തീരുമാനം; കേരഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു
'ഇപ്പോൾ എന്തേ ഒന്നും മിണ്ടുന്നില്ല', യുഡിഎഫ് മൗനത്തിൽ ചോദ്യങ്ങളുമായി എംവി ഗോവിന്ദൻ, പിഎം ശ്രീയിലും സണ്ണി ജോസഫിൻ്റെ ബന്ധു നിയമനത്തിലും രൂക്ഷ വിമർശനം