
തിരുവനന്തപുരം: പി എം ശ്രീ പദ്ധതി, ബന്ധു നിയമനം വിഷയങ്ങളിൽ യു ഡി എഫ് സർക്കാരിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പി എം ശ്രീ പദ്ധതിയിൽ പങ്കാളികളായില്ലെങ്കിൽ കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തരില്ലെന്നായിരുന്നു മുൻപ് കേന്ദ്രം പറഞ്ഞിരുന്നത്. കരാറിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉയർന്നപ്പോൾ സി പി എം - ബിജെപി കൂട്ടുകെട്ടാണെന്ന് ആരോപിച്ച് യു ഡി എഫും ലീഗ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ വി ഡി സതീശന്‍റെ നേതൃത്വത്തിൽ പുതിയ യു ഡി എഫ് സർക്കാർ അധികാരമേറ്റതിന് ശേഷം പുതിയ ന്യായങ്ങൾ മുന്നോട്ടുവെച്ച് പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്നാണ് അറിയുന്നതെന്ന് ഗോവിന്ദൻ വ്യക്തമാക്കി. കരാർ മാറ്റിവെക്കാൻ യു ഡി എഫ് സർക്കാരിന് സാധിക്കുമെന്നിരിക്കെ അവർ എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.
കെ പി സി സി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫുമായി ബന്ധപ്പെട്ടുള്ള പുതിയ ബന്ധുനിയമന വിവാദത്തിലും യു ഡി എഫ് സർക്കാരിനെതിരെ എം വി ഗോവിന്ദൻ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. മുൻപ് ബന്ധുനിയമനങ്ങൾക്കെതിരെ അതിശക്തമായ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചിരുന്നവരാണ് ഇപ്പോഴത്തെ ഭരണപക്ഷമായ യു ഡി എഫ്. എന്നാൽ ഇപ്പോൾ തങ്ങളുടെ ഭാഗത്തുനിന്ന് ബന്ധുനിയമനം ഉണ്ടായപ്പോൾ ഭരണപക്ഷത്തെ ആരും ഒന്നും മിണ്ടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബന്ധു കഴിവുള്ള ആളാണെന്ന ന്യായീകരണമാണ് ഇപ്പോൾ അവർ നിരത്തുന്നത്. ഇത് തികച്ചും അവസരവാദപരമായ നിലപാടാണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അതേസമയം എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെക്കുറിച്ചുള്ള തർക്കത്തിൽ നിലവിൽ മറ്റ് തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും ഇടതുപക്ഷ പാർട്ടികൾ ഒരുമിച്ച് മുന്നോട്ട് പോകേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. പദവി വേണമെന്ന സി പി ഐയുടെ ആവശ്യത്തെക്കുറിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കൂടുതൽ പ്രതികരിച്ചില്ല.
അതേസമയം സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നുവെന്ന ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങൾക്കും എം വി ഗോവിന്ദൻ മറുപടി നൽകി. പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം കൂടി താൻ അവരുടെ വീട്ടിൽ ചെന്ന് കണ്ടതാണെന്നും എം വി ഗോവിന്ദൻ വിവരിച്ചു. ആരും തിരിഞ്ഞുനോക്കാതെ ഇരുന്നിട്ടില്ലെന്നും കോടിയേരിയുടെ വീട്ടിൽ ഇടയ്ക്ക് പോകാറുണ്ടെന്നും വ്യക്തമാക്കിയ എം വി ഗോവിന്ദൻ, വിനോദിനി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അവർ തന്നെ വ്യക്തമാക്കട്ടെയെന്നും കൂട്ടിച്ചേർത്തു. വിനോദിനി ആർക്കെതിരെയാണ് ആരോപണം ഉന്നയിച്ചതെന്ന് തനിക്ക് അറിയില്ലെന്നും അക്കാര്യം അവരോട് തന്നെ ചോദിക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. അന്തരിച്ച സി പി എം മുൻ നേതാക്കളായ ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടുംബങ്ങളെയും പാർട്ടി സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam