
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ ശുചിമുറിയുടെ തറ തുരന്ന് രക്ഷപ്പെട്ട ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ അന്വേഷണ സംഘം പിടികൂടിയത് അതിവിദഗ്ധമായി. നാഞ്ഞൂറിലധികം സിസിസിടിവി ദൃശ്യങ്ങളാണ് ഒരുമാസം മുംബൈയിൽ തങ്ങി പൊലീസ് പരിശോധിച്ചത്. ആക്രി പെറുക്കിയും മത്സ്യത്തൊഴിലാളിയായും പണം സമ്പാദിച്ച് വിദേശത്തേക്ക് മുങ്ങാനിരിക്കേയാണ് സിഎസ്ടി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് പ്രതിയെ പിടികൂടിയത്.
കെ കെ ചാർലി എന്ന പേരിലായിരുന്നു പ്രതിയുടെ ഒളിവുജീവിതം. സ്ഥിരം താമസസ്ഥലങ്ങളില്ലാതെയും അടുപ്പക്കാരുമായി ഇന്‍റർനെറ്റ് കോളിലൂടെയും മാത്രം ബന്ധം സ്ഥാപിച്ചായിരുന്നു വിനീഷിൻ്റെ ജീവിതം. പ്ലാസ്റ്റിക് കുപ്പി വിറ്റും മുംബൈ തുറമുഖത്ത് മത്സ്യത്തൊഴിലാളിയായും ഉപജീവനം നടത്തി. നാസിക്കിലും നാഗ്പൂരിലും കല്യാണിലും, ഗോവയിലും ഉൾപ്പെടെ മാറിമാറിക്കഴിഞ്ഞു. പൊലീസിൻ്റെ അന്വേഷണത്തിൽ കല്യാൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭിച്ച വിനീഷിന്‍റെ സിസിടിവി ദൃശ്യങ്ങൾ നിർണായകമാവുകയായിരുന്നു. റെയിൽവേ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടിയ പൊലീസ് ട്രെയിനിൽ നാട്ടിലെത്തിച്ചു. പണം സമ്പാദിച്ച് വിദേശത്തേക്ക് കടക്കാനുള്ള ശ്രമമാണ് അന്വേഷണസംഘം പൊളിച്ചത്. കണ്ണൂർ സെൻട്രൽ ജലിലിൽ കഴിയവേയുണ്ടായ മാനാസികാസ്വാസ്ഥ്യം മുങ്ങാനുള്ള പ്രതിയുടെ അടവാണെന്ന നിഗമനത്തിലാണ് പൊലീസ്. വിനീഷ് രക്ഷപ്പെട്ട ശേഷം പ്രാണഭയത്തോടെയാണ് കഴിഞ്ഞതെന്ന് ദൃശ്യയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഡിസംബർ 29ന് രാത്രിയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശുചിമുറിമുറി കമ്പികൊണ്ട് തുരന്ന് മഞ്ചേരി മുണ്ടുപറമ്പ് സ്വദേശിയായ പ്രതി രക്ഷപ്പെട്ടത്. മുമ്പും ഇയാൾ സമാനമായി ചാടിയിരുന്നു. അന്ന് നാട്ടുകാരുടെ സഹായത്തോടെ മംഗലാപുരത്ത് നിന്നാണ് പിടികൂടിയത്. കൊതുകുതിരി കഴിച്ച് ജീവനൊടുക്കാനും ഇതിനിടെ ശ്രമം നടത്തി. 2021ലാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിയായ ദൃശ്യയെ ക്രൂരമായി വിനീഷ് കുത്തിക്കൊന്നത്. ദൃശ്യയുടെ അച്ഛന്‍റെ കടയ്ക്ക് തീയിട്ട് ശ്രദ്ധ തിരിച്ച ശേഷമായിരുന്നു അരുംകൊല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam