
കൊച്ചി: വൈറ്റില അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പുനസ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡി-സി സംവിധാനം അനിവാര്യമെന്നാണ് ഡ്രൈവര്‍മാരുടെ വാദം. എന്നാൽ ക്രൂ ചെഞ്ചിംഗ് സംവിധാനം നടപ്പാക്കാനാണ് കോര്‍പറേഷന്‍ തിരുമാനം. സംസ്ഥാനത്തെ നാലിടങ്ങളില്‍ ക്രൂചേഞ്ചിംഗ് ഇന്നലെ തുടങ്ങി.
ഡ്രൈവര്‍ മരിക്കുകയും 25 ഓളം യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വൈറ്റില അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം ജോലിഭാരമെന്ന ഉറച്ച അഭിപ്രായമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കുളളത്. ദീർഘദൂര ബസ്സുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പുനസ്ഥാപിക്കണമെന്ന ആവശ്യത്തിനു പിന്നിലെ കാരണവും ഇത് തന്നെ. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തില്‍ ഒരാൾക്ക് ക്ഷീണമനുഭവപ്പെട്ടാൽ രണ്ടാമത്തെ ആള്‍ക്ക് വാഹനമോടിക്കാം.
2016ല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പാക്കിയിരുന്നെങ്കിലും ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് ഈ പരിഷ്കാരം പ്രതിസന്ധിയിലായത്. ജിവനക്കാരെ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കരുതെന്നായിരുന്നു വിധി. ഈ സാഹചര്യത്തിലാണ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എട്ടു മണിക്കൂര്‍ ജോലി നിജപ്പെടുത്തുന്ന ക്രൂ ചേഞ്ചിംഗിലേക്ക് മാറുന്നതെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി.
ഹൈക്കോടതി വിധിയിൽ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ഇത് നടപ്പാക്കാവുന്നതേ ഉളളൂ എന്നും ഒരു വിഭാഗം ഡ്രൈവര്‍മാര്‍ വാദിക്കുന്നു. എന്നാല്‍ വലിയൊരു വിഭാഗം കണ്ടക്ടര്‍മാര്‍ എതിര്‍പ്പുന്നയിക്കുന്ന സാഹചര്യത്തില്‍ ഡിസി സമ്പ്രദായം നടപ്പാക്കുന്നതിന് പ്രശ്നങ്ങളുണ്ടെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam