ഇടതൂർന്ന് മുള്ളുകൾ നിറഞ്ഞ ഒരു ഹെക്ടർ പൈനാപ്പിൾ തോട്ടം; വെറും 16 മിനിറ്റിൽ ടെക് മാജിക്; വളപ്രയോഗം നടത്തി ഡ്രോൺ

Published : Dec 12, 2024, 03:58 PM IST
ഇടതൂർന്ന് മുള്ളുകൾ നിറഞ്ഞ ഒരു ഹെക്ടർ പൈനാപ്പിൾ തോട്ടം; വെറും 16 മിനിറ്റിൽ ടെക് മാജിക്; വളപ്രയോഗം നടത്തി ഡ്രോൺ

Synopsis

മുള്ളുകളുള്ള ഇലകളോടുകൂടി ഇടതൂർന്ന്  തിങ്ങി വളരുന്ന പൈനാപ്പിളിൽ പരമ്പരാഗത രീതിയിലുള്ള വളപ്രയോഗം വെല്ലുവിളി നിറഞ്ഞതും സമയമെടുക്കുന്നതുമാണ്

കൊച്ചി: പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ സാങ്കേതികവിദ്യ പരിചയപ്പെടുത്തി സിഎംഎഫ്ആർഐക്ക് കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). പൈനാപ്പിൾ ഇലകളിൽ ഡ്രോ‍ൺ ഉപയോഗിച്ചുള്ള വളപ്രയോഗ പ്രദർശനം കർഷകർക്ക് പുതിയ അനുഭവമായി. ‍ഡ്രോൺ ഉപയോഗത്തിലൂടെ കൃഷിയിൽ വെള്ളം, അധ്വാനം, സമയം എന്നിവ ഗണ്യമായി കുറക്കാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു കോതമംഗലത്തിനടുത്ത് കീരംപാറയിൽ കെവികെ നടത്തിയ പ്രദർശനം.

മുള്ളുകളുള്ള ഇലകളോടുകൂടി ഇടതൂർന്ന്  തിങ്ങി വളരുന്ന പൈനാപ്പിളിൽ പരമ്പരാഗത രീതിയിലുള്ള വളപ്രയോഗം വെല്ലുവിളി നിറഞ്ഞതും സമയമെടുക്കുന്നതുമാണ്.  എന്നാൽ, അധ്വാനവും സമയവും കുറച്ച്, ഇലകളിൽ തളിക്കുന്ന തരത്തിലുള്ള വളങ്ങളുടെ ഡ്രോൺ ഉപയോഗിച്ചുള്ള പ്രയോഗം എളുപ്പവും കൂടുതൽ കാര്യക്ഷമവുമാണെന്ന് കെവികെയുടെ പ്രദർശനം തെളിയിച്ചു.

120 ദിവസം പ്രായമായ പൈനാപ്പിളുകളിലാണ് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്. ഒരു ഹെക്ടർ കൃഷിയിടത്തിൽ 34 ലിറ്റർ ജലം മാത്രമുപയോഗിച്ച് 1.7 കി.ഗ്രാം എൻ പി കെ മിശ്രിതം പ്രയോഗിക്കുവാൻ ഡ്രോണിനു കഴിഞ്ഞു. പരമ്പരാഗത രീതിയെ അപേക്ഷിച്ച് 300 ലിറ്റർ വരെ വെള്ളം ഇതിലൂടെ കുറയ്ക്കാനായി. ഈ ദൗത്യത്തിന് വെറും 16 മിനിറ്റ് മാത്രമാണ് വേണ്ടി വന്നത്. എന്നാൽ, ഇടതൂർന്നതും മുള്ളുകൾ നിറഞ്ഞതുമായ വാഴക്കുളം പൈനാപ്പിൾ കൃഷിയിൽ സാധാരണ രീതിയിൽ തൊഴിലാളികളെ വെച്ച് വളപ്രയോഗം നടത്തുന്നതിന് മൂന്ന് ദിവസം ആവശ്യമാണ്.

തൊഴിൽദിനങ്ങൾ ഗണ്യമായി കുറച്ചും വളർച്ചാക്ഷമത കൂട്ടിയും വാഴക്കുളം പൈനാപ്പിളിന്റെ ഉൽപാദന ചിലവ് കുറക്കാൻ ഡ്രോൺ സാങ്കേതികവിദ്യക്ക് കഴിയുമെന്ന് പ്രദർശനത്തിൽ ബോധ്യമായി. കൂടുതൽ മേഖലകളിൽ സമാനരീതിയിൽ ഡ്രോ‍ൺ പ്രദർശനം നടത്താൻ കെവികെക്ക് പദ്ധതിയുണ്ട്.  പൈനാപ്പിൾ കർഷകർക്കിടയിൽ ഡ്രോ‍ൺ സാങ്കേതികവിദ്യക്ക്  പ്രചാരമുണ്ടാക്കുകയാണ് പ്രദശനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കെവികെ വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി.

സാങ്കേതികവിദ്യയുടെ പ്രായോഗിക നേട്ടങ്ങൾ വിലയിരുത്തുന്നതിന് കർഷകരുടെ അഭിപ്രായം ശേഖരിക്കുമെന്ന് കെവികെ മേധാവി ഡോ ഷിനോജ് സുബ്രമണ്യൻ പറഞ്ഞു. പൈനാപ്പിൾകൃഷിയിലോ നെൽകൃഷിയിലോ ഡ്രോൺ ഉപയോഗിക്കാൻ താൽപ്പര്യമുള്ള കർഷകർക്ക് കെവികെയെ ബന്ധപ്പെടാം. ഫോൺ 9400257798.

ഇനി 'ബ്രോ' നോക്കിക്കോളും! 20 മിനുട്ടിൽ ഒരേക്കര്‍ വിതയ്ക്കും, പരീക്ഷണം വിജയമെന്ന് മന്ത്രി, വിത്ത് വിതച്ച് ഡ്രോൺ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും