ലോക്ക് ഡൗണ്‍: സംസ്ഥാന അതിര്‍ത്തിയിലെ നിരീക്ഷണത്തിന് ഡ്രോണ്‍, പിടിച്ചെടുത്ത വാഹനങ്ങൾ പിഴയീടാക്കി വിട്ടുനല്‍കും

By Web TeamFirst Published Apr 23, 2020, 9:13 PM IST
Highlights

മനുഷ്യക്കടത്ത് തടയുന്നതിനായി അതിര്‍ത്തി കടക്കുന്ന എല്ലാ വാഹനങ്ങളും വിശദ പരിശോധനയ്ക്ക് വിധേയമാക്കും. സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക് പോയിന്‍റുകളില്‍ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാനും നിർദ്ദേശം.

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് സംസ്ഥാന അതിര്‍ത്തികളിലൂടെ ആളുകള്‍ കടക്കുന്നത് തടയുന്നതിനായി ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തി കടക്കുന്നതിനുളള പ്രധാന വഴികളിലൂടെയും ഊടുവഴികളിലൂടെയും ജനങ്ങള്‍ ഇരു സംസ്ഥാനങ്ങളിലേക്കും സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ലോക്ക് ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴയീടാക്കി വിട്ടുനല്‍കാനും ഡിജിപി നിർദ്ദേശം നൽകി. 

മനുഷ്യക്കടത്ത് തടയുന്നതിനായി അതിര്‍ത്തി കടക്കുന്ന എല്ലാ വാഹനങ്ങളും വിശദ പരിശോധനയ്ക്ക് വിധേയമാക്കും. സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക് പോയിന്‍റുകളില്‍ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിലവിലുളള നിയന്ത്രണങ്ങളും പരിശോധനയും തുടരും. ജില്ലകളില്‍ മറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ഇളവ് വരുത്തുകയോ ചെയ്യുന്നത് സംബന്ധിച്ച് ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുക്കും. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഇത്. 

അതേസമയം, ലോക്ക് ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച തുക സ്വീകരിച്ച് വിട്ടുനല്‍കാന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ടി ആര്‍5  രസീത് നല്‍കി പണം സ്വീകരിച്ച് വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെയും ക്രമസമാധാനവിഭാഗം സബ്ബ് ഇന്‍സ്പെക്ടര്‍മാരെയും ചുതലപ്പെടുത്തും. ഇരുചക്രവാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും 1000 രൂപയും കാര്‍, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2000 രൂപയും ഇടത്തരം ചരക്ക് വാഹനങ്ങള്‍ക്കും സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്റ്റ് കാര്യേജ് എന്നിവയ്ക്കും 4000 രൂപയും വലിയ ചരക്ക് വാഹനങ്ങള്‍ക്ക് 5000 രൂപയുമാണ് കോടതി നിശ്ചയിച്ച തുക. 

പൊലീസ് ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന സമ്മതപത്രത്തിന് പുറമെ ആര്‍ സി ബുക്ക്, ലൈസന്‍സ്, ഇന്‍ഷുറന്‍സ് എന്നിവയുടെ പകര്‍പ്പും നല്‍കണം. ബന്ധപ്പെട്ട ഡ്രായിംഗ് ആന്‍റ് ഡിസ്ബേഴ്സിംഗ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടില്‍ തുക നിക്ഷേപിച്ചശേഷം പേ സ്ലിപ് ഹാജരാക്കാനും വാഹന ഉടമയ്ക്ക് അനുമതിയുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന തുക അടുത്ത ദിവസം തന്നെ ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത് സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കുന്നതിനുളള നടപടിക്രമങ്ങള്‍ക്കും ഡിജിപി രൂപം നല്‍കിയിട്ടുണ്ട്.

click me!