കര്‍ണാടക ലഹരി സംഘവും ബിനീഷ് കോടിയേരിയും തമ്മിലെന്ത്? യൂത്ത് ലീഗ് ആരോപണം ഇങ്ങനെ

By Web TeamFirst Published Sep 2, 2020, 1:51 PM IST
Highlights

ആഗസ്റ്റ് 26 നാണ് കേന്ദ്ര ഏജന്‍സി നർകോട്ടിക് ബ്യൂറോ ബെം​ഗ്ലൂരുവില്‍ നിന്ന് ലഹരിക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്യുന്നത്. അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും അനിഖയും എന്‍സിബിയുടെ പിടിയിലായത്. 

തിരുവനന്തപുരം: കര്‍ണാടകയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ലഹരിക്കടത്ത് സംഘത്തിന്‍റെ അറസ്റ്റിന് പിന്നാലെ കേരളത്തിലെ ബന്ധങ്ങള്‍ ചര്‍ച്ചയാകുന്നു. ബെംഗളൂരവില്‍ പിടിയിലായ ലഹരി സംഘവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമാണുള്ളതെന്നാണ് യൂത്ത് ലീഗ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കര്‍ണാടകയിലെ പ്രമുഖര്‍ക്ക് ലഹരി മാഫിയയുമായുള്ള ബന്ധത്തിന്‍റെ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സംഘത്തിന്‍റെ കേരളത്തിലെ ബന്ധങ്ങള്‍ ചര്‍ച്ചയാവുന്നത്. കേസിലെ പ്രതി മുഹമ്മദ് അനൂപിനൊപ്പം നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ രണ്ട് പേർക്ക് സിനിമാ- സംഗീത രംഗത്തെ പല പ്രമുഖരുമായും നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

അറസ്റ്റിലായത് മൂന്ന് പേര്‍

ഓഗസ്റ്റ് 26 നാണ് കേന്ദ്ര ഏജന്‍സി നാർകോട്ടിക് ബ്യൂറോ ബെം​ഗളൂരുവില്‍ നിന്ന് ലഹരിക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്യുന്നത്. അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും അനിഖയുമാണ് എന്‍സിബിയുടെ പിടിയിലായത്. അനിഖ മുന്‍ സീരിയല്‍ താരമാണ്. കോടികൾ വിലമതിക്കുന്ന  എക്സ്റ്റസി പില്ലുകളും, എല്‍എസ്ഡി സ്ട്രിപ്പുകളുമാണ്  ഇവരില്‍ നിന്നും കണ്ടെടുത്തത്. പിന്നാലെ കേന്ദ്ര ഏജന്‍സിയായ നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ വെളിപ്പെടുത്തല്‍ കർണാടകത്തില്‍ വലിയ ചർച്ചയായി മാറി. 

സിനിമാ – സംഗീത രംഗത്തെ പ്രമുഖരുമായി ഈ മയക്കുമരുന്ന് സംഘത്തിന് നേരിട്ട് ബന്ധമുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. കേസില്‍ ഒന്നാം പ്രതിയാണ് ഡി. അനിഖ. എംഡിഎംഎ ഗുളികകൾ എക്സ്റ്റസി പില്സ് എന്ന പേരിലായിരുന്നു ഇവരുടെ വില്‍പന.  ബെംഗളൂരു , മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ സംഘത്തിന് കണ്ണികളുണ്ട്. ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എന്‍സിബി.

കേരളത്തിലും വേരോ?

കര്‍ണാടക ബന്ധത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളവുമായുള്ള മയക്കുമരുന്ന് സംഘത്തിന്‍റെ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്നത്. കേരളത്തിലെ ചില സിനിമ താരങ്ങള്‍ക്കും ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് യൂത്ത് ലീ​ഗ് ആരോപിക്കുന്നത്. അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷ് കോടിയേരിയുമായുള്ള ബന്ധം ആരോപിക്കപ്പെടുന്നത്. അനൂപ് മുഹമ്മദ് കുമരകത്ത് നടത്തിയ ലഹരി പാര്‍ട്ടിയില്‍ ബിനീഷും പങ്കെടുത്തിരുന്നു എന്നാണ് ആരോപണം ഉയരുന്നത്. മൊഴിപ്പകര്‍പ്പ് ഹാജരാക്കിയാണ് യൂത്ത് ലീഗ് ബിനീഷ് - അനൂപ് ബന്ധത്തിന്‍റെ തെളിവുകള്‍ നിരത്തുന്നത്. 

'ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധം'; കടുത്ത ആരോപണങ്ങളുമായി പി കെ ഫിറോസ്

ബിനീഷിന്‍റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന വിവങ്ങളാണ് ലഭിക്കുമെന്നും പി കെ ഫിറോസ് ആരോപിച്ചിരുന്നു. തന്‍റെ ഉടമസ്ഥതയിലുള്ള രണ്ട് ഹോട്ടലുകളില്‍ ഒന്നിന് ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നല്‍കിയിരുന്നുവെന്നാണ് അനൂപ് മുഹമ്മദിന്‍റെ മൊഴിയില്‍ പറയുന്നത്. 

പ്രതികരിക്കാനില്ലെന്ന് അന്വേഷണ സംഘം

അതേസമയം, യൂത്ത് ലീഗ് ഉയർത്തിയ വിവാദങ്ങളോട് പ്രതികരിക്കാന്‍ അന്വേഷണ സംഘം തയാറായില്ല. രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ല, അനിഖയുടെ നേതൃത്ത്വത്തിലുള്ള ഈ സംഘത്തിന്‍റെ മറ്റ് നഗരങ്ങളിലെ ബന്ധങ്ങൾ തങ്ങൾ അന്വേഷിച്ചുവരികയാണെന്നും പിന്നീട് പുറത്തുവിടുമെന്ന് അന്വേഷണ സംഘം അറിയിച്ചു. റിമാന്‍ഡ് റിപ്പോർട്ടിലെ വിവരങ്ങൾ ചോർന്നതെങ്ങനെയെന്നറിയില്ലെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു. 

ആരോപണങ്ങള്‍ നിഷേധിച്ച് ബിനീഷ്

പി കെ ഫിറോസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം ബിനീഷ് കോടിയേരി നിഷേധിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് പാര്‍ട്ടി സംഘടിപ്പിച്ചെന്ന ആരോപണം പൂര്‍ണമായും നിഷേധിക്കുന്നു. അതിന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ 2017 ലെ ചിത്രമാണെന്നും ബിനിഷ് കോടിയേരി വിശദീകരിച്ചു. അനൂപുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും ലഹരി സംഘവുമായുള്ള ബന്ധം അറിഞ്ഞിരുന്നില്ലെന്നാണ് ബിനീഷ് പറഞ്ഞത്. 

അനൂപ് മുഹമ്മദുമായി അടുത്ത ബന്ധമെന്ന് ബിനീഷ് കോടിയേരി; പി കെ ഫിറോസിന്‍റെ ആരോപണത്തിന് മറുപടി

ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദുമായുള്ള ചിത്രം 3 വർഷം മുമ്പുള്ളതെന്നു അബി വള്ളമറ്റവും പറഞ്ഞു. അബിയുടെ ഫേസ്ബുക് പേജിലുള്ള ഈ ചിത്രമാണ് അനൂപ് മുഹമ്മദ് ഷെയർ ചെയ്തത് . പഴയ ചിത്രം ലോക്ക്ഡൗണ്‍ സമയത്തു പോസ്റ്റ് ചെയ്തതാണ്. കുമരകത്തു നിന്നുള്ള ചിത്രമല്ലെന്നും അബി വ്യക്തമാക്കി. 

click me!