ഇരട്ടക്കൊലയിൽ രാഷ്ട്രീയപ്പോര്; അടൂർ പ്രകാശിനെതിരെ സിപിഎം, തടുത്ത് കോൺഗ്രസ്

Published : Sep 02, 2020, 01:19 PM ISTUpdated : Sep 02, 2020, 05:02 PM IST
ഇരട്ടക്കൊലയിൽ രാഷ്ട്രീയപ്പോര്; അടൂർ പ്രകാശിനെതിരെ സിപിഎം, തടുത്ത് കോൺഗ്രസ്

Synopsis

കൊലപാതകത്തിൽ ഉന്നത കോൺഗ്രസ് നേതൃത്വത്തിന്‍റെ പങ്കുണ്ടെന്നായിരുന്നു തുടക്കം മുതൽ സിപിഎം ആരോപണം. വെഞ്ഞാറമൂട് കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ആവർത്തിക്കുന്ന കോൺഗ്രസ് അടൂർ പ്രകാശിന് പ്രതിരോധം തീർക്കുകയാണ്.

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് അടൂർപ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് ആവർത്തിച്ച് സിപിഎം. അടൂർ പ്രകാശിന്‍റെയും പ്രതികളുടേയും ഫോൺ വിളികൾ പരിശോധിക്കണമെന്ന് ഡി കെ മുരളി എംഎൽഎ ആവശ്യപ്പെട്ടു. തെളിവുകളുണ്ടെങ്കിൽ മന്ത്രിമാർ പുറത്ത് വിടണമെന്ന് പറഞ്ഞ് കോൺഗ്രസ് അടൂർ പ്രകാശിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

Read more at: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: അടൂര്‍ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം ചെറുക്കുമെന്ന് ചെന്നിത്തല

ഇരട്ടക്കൊലയിലെ രാഷ്ട്രീയവിവാദം മുറുകുകയാണ്. കൊലപാതകത്തിൽ ഉന്നത കോൺഗ്രസ് നേതൃത്വത്തിന്‍റെ പങ്കുണ്ടെന്നായിരുന്നു തുടക്കം മുതൽ സിപിഎം ആരോപണം. സ്ഥലം എം പി അടൂർപ്രകാശും പ്രതികളുമായുള്ള ബന്ധം ആദ്യം ആരോപിച്ചത് മന്ത്രി ഇപിജയരാജനാണ്, പിന്നാലെ പ്രതികളിലൊരാൾ നേരത്തെ ഒരു ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എം പി ഇടപ്പെട്ടന്ന ശബ്ദരേഖ ഡിവൈഎഫ് പുറത്തുവിട്ടു. മന്ത്രിമാർ തന്നെ വീണ്ടും എംപിക്കെതിരെ ആരോപണം ആവർത്തിക്കുന്നു. 

സാമൂഹിക വിരുദ്ധർക്ക് ഒരു വർഷമായി എല്ലാ പിന്തുണയും നൽകുന്നത് അടൂർ പ്രകാശ് ആണെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. അടൂർ പ്രകാശിന് കേസിൽ ബന്ധമുണ്ട് എന്നത് വസ്തുതാപരമായ കാര്യമാണെന്നും. കൊലപാതകം നടന്നത് ആസൂത്രിതമായാണെന്നും മന്ത്രി ആരോപിക്കുന്നു. 

Read more at: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: അടൂര്‍ പ്രകാശിന്‍റെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് കടകംപള്ളി

ആരോപണങ്ങൾ തള്ളിയ അടൂർ പ്രകാശ് ഡി കെ മുരളി എംഎൽഎയുടെ മകനെതിരെ തിരിച്ച് ആക്ഷേപമുന്നയിച്ചു. ഒരു വർഷം മുമ്പ് എംഎൽഎയുടെ മകൻ ഇടപെട്ട തർക്കങ്ങളാണ് കൊലയിലേക്കെത്തിച്ചതെന്ന ആരോപണം ഡി കെ മുരളി തള്ളി. അടൂർ പ്രകാശിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ വാമനപുരം എംഎൽഎ തന്റെ മകൻ ആരുമായാണ് സംഘർഷം ഉണ്ടാക്കിയത് എന്ന് അടൂർ പ്രകാശ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

വെഞ്ഞാറമൂട് കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ആവർത്തിക്കുന്ന കോൺഗ്രസ് അടൂർ പ്രകാശിന് പ്രതിരോധം തീർക്കുകയാണ്. അതേ സമയം എംഎൽഎയുടെ മകനെതിരായ എംപിയുടെ ആരോപണം കോൺഗ്രസ് ഏറ്റെടുത്തിട്ടില്ല. പരസ്പരം ആരോപണം ഉന്നയിക്കുന്ന സിപിഎമ്മും പ്രകാശും വ്യക്തമായ തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. ഗൂഡാലോചന അന്വേഷിക്കുന്നുണ്ടെന്ന് മാത്രമാണ് പൊലീസ് വിശദീകരിക്കുന്നത്.

Read more at: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: സിപിഎമ്മിന് പിരിവെടുക്കാൻ കിട്ടിയ മറ്റൊരവസരമാണെന്ന് മുല്ലപ്പള്ളി 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലിയേക്കര ടോൾ പിരിവ്; 'ഹൈക്കോടതി തീരുമാനം സുപ്രീം കോടതി വിധി ലംഘിച്ച്', ഹർജി ഇന്ന് പരിഗണിക്കും
പാലിയേക്കര ടോൾ പിരിവ്; 'ഹൈക്കോടതി തീരുമാനം സുപ്രീം കോടതി വിധി ലംഘിച്ച്', ഹർജി ഇന്ന് പരിഗണിക്കും