മയക്കുമരുന്ന് കടത്ത് കേസ്; ബിനീഷ് കോടിയേരിയെ ബെംഗലൂരു ഇഡി ചോദ്യം ചെയ്യും

By Web TeamFirst Published Oct 3, 2020, 3:21 PM IST
Highlights

വാര്‍ത്തയുടെ വിശദാംശങ്ങളറിയാൻ ബിനീഷ് കോടിയേരിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം കിട്ടിയില്ല 

ബെംഗലൂരു: ബെംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യും . ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനീഷിന് നോട്ടീസ് അയച്ചതായാണ് വിവരം. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചെന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.  കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്തതിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. 

ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചന്വേഷിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റേറ്റ് കേസെടുത്തത്.  നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ അനൂപ്മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ , അനിഖ എന്നിവരെ ജിയിലിലെത്തി ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ അനൂപില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിച്ചു വരുത്തുന്നത്.  2015ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചെന്നും അനൂപ് എന്‍സിബിക്ക് മൊഴി നല്‍കിയിരുന്നു.

ചൊവ്വാഴ്ച രാവിലെ ബെംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ബിനീഷിന് നോട്ടീസ് നല്‍കിയെന്നാണ് വിവരം. എന്നാല്‍ ഇത് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. ഇഡിക്ക് മുന്നില്‍ ഇത് രണ്ടാം തവണയാണ് ബിനീഷ് കോടിയേരി ഹാജരാകുന്നത്. നേരത്തെ സ്വർണക്കടത്തു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി കൊച്ചി യൂണിറ്റും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാകും വരെ ബിനീഷിന്‍റെ ആസ്തികൾ കൈമാറാന്‍ അനുവദിക്കരുതെന്ന് രജിസ്ട്രേഷന്‍ ഐജിക്ക് ഇഡി കത്തും നല്‍കിയിരുന്നു.

സ്ഥിരീകരണത്തിനായി ബിനീഷ് കോടിയേരിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ല

click me!