ലഹരിക്കടത്ത്: ഷാനവാസിനെച്ചൊല്ലി സിപിഎം ജില്ലാ സെക്രട്ടേറിയേറ്റില്‍ ചേരിതിരിവ്, പുറത്താക്കല്‍ നിര്‍ദ്ദേശം തള്ളി

By Web TeamFirst Published Jan 11, 2023, 11:07 AM IST
Highlights

നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന നിർദേശവും അംഗീകരിക്കപ്പെട്ടില്ല.ഒരു വിഭാഗം എതിർത്തതിനാൽ  ഷാനവാസിനെതിരായ നടപടി സസ്പെൻഷനിലൊതുങ്ങി.അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്‍റെ  അടിസ്ഥാനത്തിൽ തുടർനടപടി 

ആലപ്പുഴ:ലഹരിക്കടത്ത് വിവാദത്തില്‍ പാര്‍ട്ടി അംഗം  ഷാനവാസിനെതിരായ നടപടിയെച്ചൊല്ലി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലും ചേരിതിരിവ്. പുകയില കടത്തിയ കേസിൽ ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ജില്ലാ സെക്രട്ടറിയുടെ നിർദേശത്തെ ഒരു വിഭാഗം തള്ളി. മന്ത്രി സജി ചെറിയാന്‍റെ  പി എസ്  മനു സി പുളിക്കൽ, എച്ച് സലാം എംഎല്‍എ, ജി.രാജമ്മ, കെഎച്ച്. ബാബുജാൻ, ജി. വേണുഗോപാൽ, എ. മഹീന്ദ്രൻ എന്നിവർ ഷാനവാസിനെ അനുകൂലിച്ചു. പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രം മതിയെന്ന് ഇവർ നിർദേശം വയ്ക്കുകയായിരുന്നു. നഗര സഭ ക്ഷേമകാര്യ സമിതി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന നിർദേശവും അംഗീകരിക്കപ്പെട്ടില്ല. ഒരു വിഭാഗം എതിർത്തതിനാൽ  ഷാനവാസിനെതിരായ നടപടി സസ്പെൻഷനിലൊതുങ്ങുകയായിരുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്‍റെ  അടിസ്ഥാനത്തിൽ തുടർനടപടി മതിയെന്ന് നിലപാടെടുത്തു.

സർക്കാർ ലഹരി വിരുദ്ധ കാമ്പയിൻ നടത്തുമ്പോൾ പാർട്ടി നേതാക്കൾ ലഹരി മാഫിയകളാകുന്നു; ലഹരിക്കടത്തിലെ സി.പി.എം ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എന്ത് പറയാനുണ്ട്?

സംസ്ഥാനത്ത് ലഹരിക്കടത്ത് സംഘങ്ങൾ ഉൾപ്പെടെ എല്ലാ മാഫിയകൾക്ക് പിന്നിലും സി.പി.എം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ആലപ്പുഴയിൽ സി.പി.എം നേതാവിൻ്റെ നേതൃത്വത്തിൽ പാർട്ടി സംഘം നടത്തിയ നിരോധിത പാൻ മസാലക്കടത്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.സി.പി.എം കൗൺസിലറുടെ വാഹനത്തിൽ നിന്നാണ് ഒരു കോടി രൂപ വിലവരുന്ന പാൻ മസാല പിടികൂടിയത്. അറസ്റ്റിലായവരെല്ലാം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരുമാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും എന്താണ് പറയാനുള്ളത്?

ഒരു വശത്ത് കോടികൾ മുടക്കി ലഹരി വിരുദ്ധ കാമ്പയിനുകൾ സർക്കാർ നടത്തുമ്പോൾ മറുവശത്ത് പാർട്ടി നേതാക്കളും കേഡർമാരും ലഹരി മാഫിയകളായി പ്രവർത്തിക്കുകയാണ്. സി.പി.എം  നേതാക്കളുടെ നേതൃത്വത്തിലോ പിന്തുണയിലോ ആണ് സംസ്ഥാനത്ത് ലഹരിക്കടത്ത് ഉൾപ്പെടെ എല്ലാ നിയമവിരുദ്ധ പ്രവത്തനങ്ങളും നടക്കുന്നത്. ലഹരി വിരുദ്ധ കാമ്പയിൽ പങ്കെടുത്ത സഖാക്കളാണ് ലഹരിക്കടത്തിന് പിന്നിലെന്നതിനും നിരവധി സംഭവങ്ങൾ കേരളത്തിന് മുന്നിലുണ്ട്. 

ലഹരി -ഗുണ്ടാ മാഫിയകൾക്ക് പിന്നിൽ സി.പി.എം നേതാക്കളാണെന്ന് തെളിവ് സഹിതം ഡിസംബർ 9-ന് പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ ഒരു മാധ്യമങ്ങളെയും ഉദ്ധരിച്ച് നിയമസഭയില്‍ ഒന്നും പറയാന്‍ പാടില്ലെന്ന നിലപാടാണ് അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചതെന്നും വിഡി സതീശന്‍ പ്രതികരിച്ചിരുന്നു.

click me!