
കൊച്ചി : നെടുമ്പാശ്ശേരി കരിയാട് മദ്യലഹരിയിലെത്തിയ പൊലീസ് കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി. സി.ആർ.വി വാഹനത്തിലെത്തിയ എസ്ഐ ഒരു പ്രകോപനം ഇല്ലാതെ ചൂരൽ വീശി അതിക്രമം നടത്തിയെന്നാണ് കരിയാട് സ്വദേശി കടയുടമ കുഞ്ഞുമോൻ നൽകിയ പരാതിയിൽ പറയുന്നത്. സിആർവി ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽകുമാറിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് അങ്കമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായി. സുനിൽ കുമാറിനെതിരെ നടപടി ഉടനുണ്ടാകും.
കട പൂട്ടി വീട്ടിലേക്ക് ഇറങ്ങാനൊരുങ്ങുകയായിരുന്നു കുഞ്ഞുമോനും ഭാര്യയും സ്കൂൾ വിദ്യാർത്ഥിയായ മകളും. കുഞ്ഞുമോനും ജീവനക്കാരനും ചേർന്ന് ബേക്കറിയുടെ ഷട്ടർ അടയ്ക്കുന്നതിനിടെയാണ് പൊലീസ് കൺട്രോൾ റൂം വാഹനം കടയുടെ മുന്നിലെത്തിയത്. വാഹനത്തിൽ നിന്നിറങ്ങിയ എസ്.ഐ. സുനിൽകുമാർ മുന്നിൽ കണ്ടവരെയെല്ലാം ചൂരൽ വടി കൊണ്ടടിച്ചു. ഒരു പ്രകോപനവും ഇല്ലാതെ അസഭ്യം പറഞ്ഞ് മർദ്ദനം നടത്തി. കുഞ്ഞുമോൻ, ഭാര്യ എൽ ബി, മകൾ മെറിൻ, സഹായി ബൈജു, വ്യാപാരി ജോണി എന്നിവർക്കാണ് മർദ്ദനമേറ്റത്.
അതിക്രമം തുടർന്ന ഇയാളെ ഓടിക്കൂടിയ നാട്ടുകാർ തടഞ്ഞ് വെച്ചു.നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. ഇയാളെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി. പരിശോധനാ ഫലത്തിൽ മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായി. സംഭവത്തിൽ എസ്.ഐ.യ്ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം. സ്ഥലത്തെത്തിയ ആലുവ എംഎൽഎ അൻവർ സാദത്തും പൊലീസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam