പുലർച്ചെ ഒരു മണി, എംജി റോഡിൽ നിരനിരയായി നിർത്തിയിട്ട വാഹനങ്ങളിലേക്ക് ആഡംബര കാർ പാഞ്ഞുകയറി; പരാക്രമം മദ്യലഹരിയിൽ

Published : Oct 23, 2025, 02:26 AM IST
Drunk driving accident in Kochi

Synopsis

കൊച്ചി എംജി റോഡിൽ മദ്യലഹരിയിൽ ആഡംബരക്കാർ ഓടിച്ച യുവാവ് വഴിയരികിൽ നിർത്തിയിട്ട നാല് വാഹനങ്ങളിൽ ഇടിച്ചുകയറി. അപകടത്തിന് ശേഷം നിർത്താതെ പോയ കൊട്ടാരക്കര സ്വദേശിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. 

കൊച്ചി: കൊച്ചിയിൽ മരണപ്പാച്ചിലിനിടെ ആഡംബരക്കാർ വഴിയരികിൽ നിർത്തിയിട്ട കാറുകൾ ഇടിച്ചു തെറിപ്പിച്ചു. മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ച് തകർത്തിട്ടും കാർ നിർത്താതെ പോയി. എന്നാൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കാർ ഓടിച്ച കൊട്ടാരക്കര സ്വദേശി നിജീഷിനെതിരെ പൊലീസ് കേസെടുത്തു. അപകടത്തിൽ കാറകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ലെന്നത് ആശ്വാസമായി.

കഴിഞ്ഞ 19ആം തിയതി പുലർച്ചെ ഒരു മണി. തിരക്കൊഴിഞ്ഞിരുന്നില്ല നഗര ഹൃദയത്തിൽ. എംജി റോഡിൽ നിരനിരയായി നിർത്തിയിട്ട കാറുകളിലേക്ക് മറ്റൊരു വാഹനം പാഞ്ഞുകയറി. നിജീഷ് മദ്യപിച്ചിരുന്നു. ചുറ്റും നിന്നവർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും തുടർച്ചയായി നാല് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. ഒടുവിൽ പ്രദേശത്തുണ്ടായിരുന്നവർ ഓടികൂടിയാണ് നിജീഷിന്റെ വാഹനം തടഞ്ഞ് നിർത്തിയത്. കാറുകൾക്കുള്ളിൽ ഡ്രൈവർമാരും യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പരിശോധനയിലും തെളിഞ്ഞു.

നാല് വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുകയാണ് നിജീഷ്. സുഹൃത്തിന്റെ വിവാഹത്തിനായി കൊച്ചിയിൽ വന്നതാണ്. ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ചു. എന്നാൽ കാറെടുത്തുള്ള യാത്ര റോഡിൽ പരാക്രമമായി. മദ്യപിച്ച് ബോധം പോയെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. അപകടം പിടിച്ച രീതിയിൽ വാഹനം ഓടിച്ചതിന് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.

 

PREV
Read more Articles on
click me!

Recommended Stories

എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്
ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; വലഞ്ഞ് യാത്രക്കാർ