മികച്ച സിബില്‍ സ്‌കോറുള്ളവരുടെ വിവരങ്ങൾ ചോർത്തി, വ്യാജമായുണ്ടാക്കിയത് 500ലേറെ പാൻ കാർഡുകൾ; ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി തട്ടിയ പ്രതി പിടിയിൽ

Published : Oct 22, 2025, 11:42 PM IST
 Federal Bank 27 crore fraud

Synopsis

ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരനെ കേരള പൊലീസ് അസമില്‍ നിന്ന് പിടികൂടി. ബാങ്കിന്റെ ആപ്പ് ഉപയോഗിച്ച്, അഞ്ഞൂറിലേറെ വ്യാജ പാൻ കാർഡുകൾ നിർമ്മിച്ച് ലോൺ തട്ടി.

കൊച്ചി: ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി രൂപ തട്ടിയെടുത്ത പ്രതിയെ അസമിലെത്തി പിടികൂടി കേരള പൊലീസ്. കേസിലെ മുഖ്യസൂത്രധാരന്‍ ഷിറാജുല്‍ ഇസ്ലാമിനെ ആസാമിലെ ബോവൽഗിരിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. അഞ്ഞൂറിലേറെ പേരുടെ വ്യാജ പാൻ കാർഡുകൾ തയ്യാറാക്കിയായിരുന്നു തട്ടിപ്പ്.

ഫെഡറല്‍ ബാങ്കിന്‍റെ തന്നെ ആപ്പ് വഴിയായിരുന്നു ഷിറാജുല്‍ ഇസ്ലാമിന്‍റെ തട്ടിപ്പ്. ബാങ്ക് ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച് ലോണ്‍ തട്ടിയെടുക്കുന്നതായിരുന്നു തട്ടിപ്പിന്‍റെ രീതി. ആദ്യം മികച്ച സിബില്‍ സ്‌കോറുള്ള ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ അടക്കം ചോർത്തിയെടുക്കും. ഇവരുടെ പാൻ കാർഡ് വ്യാജമായി ഉണ്ടാക്കും. ഇതിന് മേൽവിലാസം ശരിയായ രീതിയിൽ കൊടുത്ത ശേഷം ഫോട്ടോ തട്ടിപ്പ് സംഘത്തിലെ ഒരാളുടേതാക്കും. കെവൈസി വെരിഫിക്കേഷനായി വീഡിയോ കോൾ ചെയ്യുമ്പോൾ തട്ടിപ്പ് സംഘത്തിലെ പാൻ കാർഡ് ഉള്ളയാൾ ഇവർക്ക് മുന്നിലെത്തും. ഇങ്ങനെ 27 കോടിയോളം രൂപയാണ് ലോണായി ഇയാള്‍ തട്ടിയെടുത്തത്.

അഞ്ഞൂറിലേറെ പേരുടെ വ്യാജ പാന്‍ കാര്‍ഡുകള്‍ ഇയാളില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. 2023ല്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. തട്ടിപ്പിന്‍റെ വ്യാപ്തി കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അസം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ച് സംഘം അവിടെയെത്തി ക്യാമ്പ് ചെയ്താണ് ഷിറാജുല്‍ ഇസ്ലാമിനെ കണ്ടെത്തിയത്. എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കിയ ഷിറാജുല്‍ ഇസ്ലാമിനെ റിമാൻഡ് ചെയ്തു. വൈകാതെ ഇയാൾക്കായി ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകും. ചോദ്യംചെയ്യലിൽ ഇയാളുടെ സംഘാംഗങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്