
പാലക്കാട്: ചാലിശ്ശേരിയിൽ അച്ഛൻ മക്കളെ മരക്കഷണം കൊണ്ട് മർദിച്ച സംഭവത്തിൽ ഇടപെട്ട് സിഡബ്ലുസി. പൊലീസിൽ നിന്ന് സംഭവത്തിൽ റിപ്പോർട്ട് തേടിയതായി സിഡബ്ല്യുസി ചെയർമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടികൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. കൗൺസിലിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു. കഴിഞ്ഞ ദിവാസം രാത്രിയിലാണ് മദ്യലഹരിയിൽ അച്ഛൻ പ്ലസ് വൺ, പത്താം ക്ലാസ് വിദ്യാർത്ഥികളായ മക്കളെ ക്രൂരമായി മർദ്ദിച്ചത്. നബിദിന പരിപാടിയുടെ ഭാഗമായി ദഫ് പരിശീലനത്തിന് പോയ കുട്ടികൾ വൈകിയെത്തി എന്നാരോപിച്ചാണ് പട്ടിക കൊണ്ട് തല്ലിയത്. പരിശീലനം കഴിഞ്ഞ് മടങ്ങുന്ന കുട്ടികളെ വഴിയിൽ നിന്ന് വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നായിരുന്നു മർദ്ദനം. അടിയേറ്റ കുട്ടികളുടെ കൈക്ക് പൊട്ടലുണ്ടായി. ഒരു കുട്ടിയുടെ വാരിയെല്ലിനും പരിക്കേറ്റു. ശരീരമാകെ മർദനമേറ്റതിന്‍റെ പാടുകളാണ്.
സംഭവത്തിന് പിന്നാലെ കുട്ടികൾ കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരമറിയിച്ചതോടെ, ചാലിശ്ശേരി പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ ഇരുവരേയും മർദ്ദിച്ച അച്ഛൻ ഒളിവിൽ പോയിരുന്നു. പൊലീസ് ഇയാൾക്കായി അന്വേഷണം തുടങ്ങി. മുമ്പും ഇയാൾ ഭാര്യയേയും മക്കളേയും മർദിച്ചിരുന്നതായി ബന്ധുക്കൾ അറിയിച്ചു.