മോശം കാലാവസ്ഥ; കോഴിക്കോട്ടേക്കുള്ള സ്പൈസ്ജെറ്റ് വിമാനം കൊച്ചിയിലിറക്കി, പ്രതിഷേധവുമായി യാത്രക്കാർ

By Web TeamFirst Published Jul 28, 2022, 11:36 AM IST
Highlights

ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനമാണ് കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടത്, ഭക്ഷണമോ വെള്ളമോ നൽകിയില്ലെന്ന് യാത്രക്കാർ

കോഴിക്കോട്: ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്പൈസ് ജെറ്റ് വിമാനം മോശം കാലാവസ്ഥയെ  തുടർന്ന് കൊച്ചിയിലിറക്കി. ഇന്നു രാവിലെയാണ് സംഭവം. 182 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. രണ്ട് മണിക്കൂറോളം വിമാനത്തിൽ കാത്തിരുന്നിട്ടും തുടർ നടപടികൾ സംബന്ധിച്ച് തീരുമാനമായില്ല. ഭക്ഷണമോ വെളളമോ കിട്ടിയില്ലെന്നാരോപിച്ച് വനിതാ യാത്രക്കാർ അടക്കമുളളവർ ബഹളം വച്ചു. കോഴിക്കോടെത്താൻ പകരം സംവിധാനം ഒരുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. ഒടുവിൽ 9 മണിയോടെ യാത്രക്കാരെ നെടുമ്പാശേരിയിലെ ഹോട്ടലിലേക്ക് മാറ്റിയതോടെയാണ് പ്രതിഷേധം അയഞ്ഞത്. 

സ്വകാര്യ വിമാന കമ്പനിയായി സ്പൈസ് ജെറ്റിനെതിരെ കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നടപടി എടുത്തിരുന്നു. രണ്ട് മാസത്തേക്ക് സ്പൈസ് ജെറ്റിന്റെ വിമാന സർവീസ് വെട്ടിക്കുറച്ചിട്ടുണ്ട്. അമ്പത് ശതമാനം സർവീസുകൾ മാത്രമേ ഈ കാലയളവിൽ ഓപ്പറേറ്റ് ചെയ്യാവൂ എന്നാണ് ഡിജിസിഎയുടെ നിർ‍ദേശം. തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ് ഡിജിസിഎ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. ഡിജിസിഎ നടത്തിയ പരിശോധനയിൽ, സ്പൈസ് ജെറ്റിന്റെ സുരക്ഷാ മുൻകരുതലുകളും മെയിന്റനൻസും പര്യാപ്‌തമല്ല എന്ന് കണ്ടെത്തിയിരുന്നു. അടുത്ത എട്ടാഴ്ച സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആകും തുടർ നടപടികൾ എന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. 

ഇന്ത്യയിൽ ഏതെങ്കിലും വിമാന കമ്പനിക്കെതിരെ അടുത്ത കാലത്തുണ്ടാകുന്ന ശക്തമായ നടപടിയാണ് ഇത്. കഴിഞ്ഞ 18 ദിവസത്തിനിടെ 8 തവണ സ്പൈസ് ജെറ്റ് വിമാനങ്ങൾ അപകടങ്ങളുടെ വക്കിലെത്തുകയോ സാങ്കേതിക തകരാറിന് ഇരയാകുകയോ ചെയ്തിരുന്നു. സംഭവങ്ങൾ ആവർത്തിച്ചതോടെ, സ്പൈസ് ജെറ്റിന് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിന് സ്പൈസ് ജെറ്റ് നൽകിയ മറുപടി കൂടി കണക്കിലെടുത്താണ് ഡിജിസിഎ വിമാന സർവീസ് വെട്ടിക്കുറച്ചത്. സ്പൈസ് ജെറ്റിന്റെ 48 വിമാനങ്ങളിൽ ഈ മാസം 9നും 13നും ഇടയിൽ ഡിജിസിഎ പരിശോധനയും നടത്തിയിരുന്നു. ഇപ്രകാരം നടത്തിയ 53 പരിശോധനകളെ കൂടി വിലയിരുത്തിയാണ് നടപടി എന്ന് ഡിജിസിഎ വിശദീകരിച്ചു. വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് സ്പൈസ് ജെറ്റ് സ്വീകരിച്ചിട്ടുള്ള നടപടികൾ അപര്യാപ്തമാണെന്നാണ് ഡിജിസിഎ വിലയിരുത്തുന്നത്. 
 

click me!