ചികിൽസക്ക് പണംകിട്ടാതെ നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കും,നിക്ഷേപങ്ങൾ തിരികെ നൽകാൻ പാക്കേജ്-സഹകരണ മന്ത്രി

Published : Jul 28, 2022, 11:33 AM IST
ചികിൽസക്ക് പണംകിട്ടാതെ നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കും,നിക്ഷേപങ്ങൾ തിരികെ നൽകാൻ പാക്കേജ്-സഹകരണ മന്ത്രി

Synopsis

കരുവന്നൂർ ബാങ്കിലെ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് തയാറാക്കിയിട്ടുണ്ട്. സഹകരണ ബാങ്ക് നിക്ഷേപം സുരക്ഷിതമാക്കാൻ നിക്ഷേപ ഗാരണ്ടി ബോർഡ് പുന: സംഘടിപ്പിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു

തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്കിൽ(karuvannoor cooeprative bank) നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനാൽ വിദഗ്ധ ചികിൽസ തേടാനാകാതെ മരിച്ച സംഭവം അന്വേഷിക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ(minister vn vasavan). കരുവന്നൂർ ബാങ്കിലെ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്ക് നിക്ഷേപം സുരക്ഷിതമാക്കാൻ നിക്ഷേപ ഗാരണ്ടി ബോർഡ് പുന: സംഘടിപ്പിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് പണം ഇല്ലാത്തതിനാൽ വിദഗ്ധ ചികിൽസ തേടാനാകാതെ മരിച്ചത്. കരുവന്നൂർ ബാങ്കിൽ 30ലക്ഷം രൂപ നിക്ഷേപമുള്ള ആളായിരുന്നു ഫിലോമിന. ചികിൽസാ ആവശ്യത്തിന് നിക്ഷേപത്തിലെ പണം തിരികെ ആവശ്യപ്പെട്ട് പലതവണ ബാങ്കിനെ സമീപിച്ചപ്പോഴും വളരെ മോശം ഇടപെടലാണ് ഉണ്ടായതെന്ന് ഫിലോമിനയുടെ ഭർത്താവ് ആരോപിച്ചിരുന്നു.

 

കരുവന്നൂർ മോഡൽ സംഘങ്ങൾ വേറെയും; നിക്ഷേപം തിരിച്ചുനൽകാൻ വഴിയില്ലാതെ സംസ്ഥാനത്ത് 164 സഹകരണ സംഘങ്ങൾ

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകാൻ കഴിയാത്ത 164 സഹകരണ സംഘങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്ന് സര്‍ക്കാര്‍. സഹകരണ മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ കണക്ക്. ചെറിയ തുക മുതൽ വൻ തുകയ്ക്ക് വരെ നിക്ഷേപങ്ങൾ സ്വീകരിച്ച സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായതോടെ നൂറ് കണക്കിന് നിക്ഷേപകരാണ് പ്രതിസന്ധിയിലായത്. 

കരുവന്നൂര്‍ ബാങ്കിൽ 30 ലക്ഷം നിക്ഷേപിച്ചിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ച ഫിലോമിനയുടെ ദുരിത കഥ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുന്നത്. പതിനാല് ജില്ലകളിലായി 164 സംഘങ്ങൾ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. കാലാവധി പൂര്‍ത്തിയായ നിക്ഷേപ തുക പോലും തിരിച്ച് കൊടുക്കാൻ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല. ഏറ്റവും അധികം സംഘങ്ങളുള്ളത്  തിരുവനന്തപുരത്താണ്. 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് അടക്കം 37 സംഘങ്ങൾ തലസ്ഥാന ജില്ലയിൽ മാത്രം ഉണ്ടെന്നാണ് സഹകരണ വകുപ്പിന്റെ കണക്ക്. 

പ്രതിസന്ധിയിലായ ധനകാര്യ സ്ഥാപനങ്ങൾ കൊല്ലത്ത് പന്ത്രണ്ടും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 15 വീതവും ഉണ്ട്. കോട്ടയത്ത് ഇരുപത്തിരണ്ടും തൃശ്ശൂരിൽ പതിനൊന്നും മലപ്പുറത്ത് 12 സഹകരണ സംഘങ്ങളും നിക്ഷേപം തിരിച്ച് കൊടുക്കാനില്ലാത്ത വിധം പ്രതിസന്ധിയിലാണ്. 2018ലെ നിക്ഷേപ ഗ്യാരണ്ടി സ്കീം അനുസരിച്ച്  നിക്ഷേപകര്‍ക്ക് രണ്ട് ലക്ഷം രൂപ വരെയാണ് നിലവിൽ സുരക്ഷ. ഈ പരിധി അഞ്ച് ലക്ഷം രൂപ വരെ ആക്കി ഉയര്‍ത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ ധനകാര്യ സ്ഥാപനങ്ങളിലെ ധനവിനിയോഗത്തിലെ ക്രമക്കേട് മുതൽ സംഘങ്ങളിൽ നിന്ന് വായ്പ എടുത്തവര്‍ യഥാസമയം തിരിച്ചടക്കാത്തത് വരെ പ്രതിസന്ധിക്ക് കാരമാണ്. സമഗ്ര സഹകരണ നിയമം വരുന്നതോടെ ഈ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി, 'നല്ല അന്വേഷണം നടക്കുന്നു'
'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്