
പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് അപരശല്യമായി രാഹുൽ ആർ, രാഹുൽ മണലാഴി എന്നിവർ. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ഇവരുമായി സംസാരിച്ചു. തനിക്ക് ബിജെപി ചായ്വ് മാത്രമേ ഉള്ളൂവെന്ന് മൂത്താന്തറ സ്വദേശി രാഹുൽ ആർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അസുഖമായതുകൊണ്ടാണ് ഫോൺ ഓഫാക്കിയതും തെരഞ്ഞെടുപ്പിനിറങ്ങാത്തതും എന്നായിരുന്നു രാഹുൽ ആറിന്റെ വിശദീകരണം. സ്വന്തം നിലയിലാണ് മത്സരിക്കുന്നതെന്നും ബിജെപിക്കാർ ആവശ്യപ്പെട്ടതുകൊണ്ടല്ല മത്സരിക്കുന്നതെന്നും രാഹുൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേ സമയം രാഹുൽ ആറിനെ അറിയില്ലെന്നായിരുന്നു ബിജെപി ജില്ല നേതൃത്വത്തിന്റെ വെളിപ്പെടുത്തൽ.
സിപിഎം ബന്ധമില്ലെന്നും സ്വന്തം നിലയിൽ സ്ഥാനാർത്ഥി ആയതാണെന്നും കണ്ണാടി സ്വദേശിയായ രാഹുൽ മണലാഴി. അപരനായിട്ടല്ല മത്സരിക്കുന്നതെന്നും രാഹുൽ മണലാഴി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രചാരണത്തിനിടെ രാഹുൽ സരിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നു. രാഹുൽ മണലാഴി കണ്ണാടി ലോക്കലിലെ കടകുറിശി ബ്രാഞ്ച് അംഗമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് രാഹുൽ മണലാഴി അപരനായി നിന്നതെന്നും കണ്ണാടി പഞ്ചായത്ത് യുഡിഎഫ് പ്രചാരണ സമിതി കൺവീനർ വിനേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരോപണം സിപിഎം നിഷേധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam