കൊവിഡ് പരിശോധനയ്ക്ക് ശേഷവും ഡ്യൂട്ടി; പൊലീസുകാർക്ക് ആശങ്ക

By Web TeamFirst Published Jul 14, 2020, 6:32 AM IST
Highlights

കഴിഞ്ഞ ദിവസം ഫോർട്ട്, കന്റോൺമെന്റ് സ്റ്റേഷനുകളിലെ വനിതാപൊലീസുകാർക്ക് വൈറസ് ബാധ സ്ഥിരികരിച്ചിരുന്നു

തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്ക് ശേഷവും ഡ്യൂട്ടിക്ക് ഹാജരാകേണ്ടി വരുന്നതിൽ പൊലീസുകാർക്ക് കടുത്ത ആശങ്ക. പലരുടേയും നിരീക്ഷണകാലം പൂർത്തിയാക്കാൻ പോലും അനുവദിക്കാതെ ജോലിക്ക് തിരിച്ചുവിളിക്കുന്നുവെന്നും പരാതിയുണ്ട്.

തിരുവനന്തപുരം നഗരത്തിൽ ഇതുവരെ ഒൻപത് പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. കഴിഞ്ഞ ദിവസം ഫോർട്ട്, കന്റോൺമെന്റ് സ്റ്റേഷനുകളിലെ വനിതാപൊലീസുകാർക്ക് വൈറസ് ബാധ സ്ഥിരികരിച്ചിരുന്നു. പരിശോധന നടത്തി മൂന്നു ദിവസവും കന്റോൺമെന്റ് സ്റ്റേഷനിലെ ജീവനക്കാരി ജോലിക്ക് ഹാജരായിരുന്നു. രോഗലക്ഷണങ്ങളില്ലാതിരുന്ന ഇവർ സ്വന്തം നിലയിലാണ് പരിശോധന നടത്തിയത്. 
നിയന്ത്രിത മേഖലയിൽ ജോലി ചെയ്തിരുന്ന ഇവർ 14 ദിവസത്ത നിരീക്ഷണം പൂർത്തിയാക്കാതെ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. തിരുവനന്തപുരം എ ആർ ക്യാമ്പിൽ അഞ്ച് പൊലീസുകാർക്കാണ് രോഗമുണ്ടായത്. ആദ്യം രോഗം കണ്ടെത്തിയ പൊലീസുകാരന്റെ സമ്പർക്കപ്പട്ടികയിലുളള 40 പൊലീസുകാരിൽ പകുതി പേരെ മാത്രമാണ് നിരീക്ഷണത്തിൽ പോകാൻ അനുവദിച്ചത്. നിരീക്ഷണത്തിൽ പോകാത്ത പൊലീസുകാർക്ക് പിന്നീട് കോവിഡ് കണ്ടെത്തുകയും ചെയ്തു. 

പൂന്തുറ സ്റ്റേഷനിലും സമാനമായിരുന്നു സാഹചര്യം. കൊവിഡ് പരിശോധനയ്ക്ക് ശേഷവും ഇവിടെ എസ്ഐ ജോലിക്ക് ഹാജരായി. നിയന്ത്രിത മേഖലയിൽ വീടുളളവർക്ക് പോലും സ്ഥിരമായി ജോലിക്ക് ഹാജാരേകേണ്ടി വരുന്ന സ്ഥിതിയാണ്. ഇക്കാര്യത്തെ ചൊല്ലി പരാതികൾ ഉയർന്നപ്പോഴും മേലധികാരികൾ പ്രതികൂല നിലപാടാണ് എടുക്കുന്നതും. 

ഡ്യൂട്ടി ഒഴിവാക്കാനായാണ് പൊലീസുകാർ നീരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടുന്നതെന്നും നിരീക്ഷണത്തിന് എആർ ക്യാംപിൽ സൗകര്യമൊരുക്കുമെന്നുമാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നിലപാട്. എന്നാൽ ഒരു പൊലീസുകാരന് രോഗം സ്ഥിരീകരിക്കുമ്പോൾ സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും നിരീക്ഷണത്തിലാക്കേണ്ടി വരുന്ന സാചര്യമാണ്. ക്യാംപുകളിൽ രോഗം സ്ഥിരീകരിച്ചാൽ ആലപ്പുഴ ഐടിബിപിയിലേതിന് സമാനമായി കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതിയാകും.

click me!