
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പദവിയിൽ തുടരാൻ യോഗ്യതയില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കൊടകര കള്ളപ്പണക്കേസിൽ അടക്കം ബിജെപി നേതാക്കൾ പ്രതിയായ അനേകം ക്രിമിനൽ കേസുകളിൽ അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് ഞെട്ടിപ്പിക്കുന്നതാണെന്ന് സനോജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെ പ്രതിയായ ക്രിമിനൽ കേസുകളാണ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അട്ടിമറിക്കാൻ ശ്രമിച്ചതെന്നും ഡിവൈഎഫ്ഐ ആരോപിച്ചത്. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവിട്ടാണ് ഡിവൈഎഫ്ഐ ആരോപണം ഉന്നയിച്ചത്.
കോടതിയുടെ പരിഗണയിലുള്ള വിഷയമാണെന്ന് പോലും വക വെക്കാതെ രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലു വിളിച്ചു കൊണ്ട് ക്രിമിനലുകൾക്ക് വേണ്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത് നിയമ വിരുദ്ധം മാത്രമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. കള്ളപ്പണ കേസ് ഉൾപ്പെടുന്ന രാജ്യദ്രോഹ കേസുകൾ അട്ടിമറിക്കാനാണ് ഗവർണർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തത്. ബിജെപി നേതാക്കളുടെ ആജ്ഞാനുവർത്തിയായി സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഗവർണർ രാജ്ഭവനെ മാരാർജി ഭവനാക്കി മാറ്റി കൊണ്ടിരിക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി ഒഴിഞ്ഞ് ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്നും ഡിവൈഎഫ്ഐ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam