മൊഴിമാറ്റാൻ സിഐ ഭീഷണിപ്പെടുത്തി; പൊലീസിനെതിരെ പരാതിയുമായി ഡിവൈഎഫ്ഐ

By Web TeamFirst Published Sep 4, 2021, 11:36 AM IST
Highlights

മൊഴി മാറ്റിയില്ലെങ്കിൽ ഭർത്താവിനെ പുറംലോകം കാണിക്കില്ലെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ഡിവൈഎഫ്ഐ നേതാവിൻ്റെ  ഭാര്യ ധന്യ പറയുന്നത്

ആലപ്പുഴ: കായംകുളത്ത് പോലീസിനെതിരെ പരാതിയുമായി ഡിവൈഎഫ്ഐ. ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന കേസിൽ മൊഴിമാറ്റിക്കാൻ ഡിവൈഎഫ്ഐ നേതാവിന്‍റെ  ഭാര്യയെ സിഐയും സംഘവും ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം.

ബിജെപിക്കാർ ഡിവൈഎഫ്ഐക്കാരെ ആക്രമിച്ചുവെന്ന കേസിൽ മൊഴിമാറ്റിക്കാൻ സിഐ ഭീഷണിപ്പെടുത്തിയെന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രേംജിത്ത് ആരോപിക്കുന്നത്. ആക്രമണക്കേസിൽ മൊഴിയെടുക്കാനെത്തിയ  പൊലീസ് ഡിവൈഎഫ്ഐ  നേതാവിന്‍റെ ഭാര്യയും പരാതിക്കാരിയുമായ ധന്യയെ ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം.

മൊഴി മാറ്റിയില്ലെങ്കിൽ ഭർത്താവിനെ പുറംലോകം കാണിക്കില്ലെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ഡിവൈഎഫ്ഐ നേതാവിൻ്റെ  ഭാര്യ ധന്യ പറയുന്നത്. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഡിവൈഎഫ്ഐ നേതാവിൻ്റെ ഗർഭിണിയായ ഭാര്യ കായംകുളം താലുക്ക് ആശുപത്രിയിൽ  ചികിത്സ തേടി. 

കഴിഞ്ഞ ബുധനാഴ്ചയാണ്  കായംകുളത്ത് സിപിഎം ബിജെപി സംഘഷമുണ്ടായത്.  ബിജെപി നേതാവിന് വെട്ടേറ്റ കേസിൽ വധശ്രമത്തിന് പോലീസ് കേസുമെടുത്തു. എന്നാൽ സംഭവസ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ അനീഷിന്‍റെ  ഭാര്യ ധന്യയും ആക്രമണത്തിന് ഇരയായെന്ന് കാട്ടി പൊലീസിൽ പരാതി നൽകി.

ഈ പരാതിയിൽ വീണ്ടും മൊഴിയെടുക്കാൻ പൊലീസ് എത്തിയതതാണ് സിപിഎം ഡിവൈഎഫ്ഐ നേതാക്കൾ തടഞ്ഞത്. പൊലീസ് ബിജെപിക്ക് അനുകൂലമായി നിൽക്കുന്നുവെന്ന ഡിവൈഎഫ്ഐയുടെ ആക്ഷേപം പുതിയ രാഷ്ട്രീയ വിവാദത്തിനും വഴി തുറന്നു.  അതേസമയം, മൊഴിയിൽ വ്യക്തത തേടുകയായിരുന്നുവെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കായംകുളം പോലീസ് വിശദീകരിച്ചു.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!