
കോഴിക്കോട്: പേരാമ്പ്രയിൽ ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്നാരോപിച്ച് സൂപ്പർമാർക്കറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. പേരാമ്പ്ര: ഹലാൽ ബീഫിന്റെ പേരുപറഞ്ഞ് പേരാമ്പ്ര ബാദുഷ സൂപ്പർ മാർക്കറ്റിൽ കയറി ജീവനക്കാരെ മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. ഡിവൈഎഫ്ഐ, വ്യാപാരി വ്യവസായി സമിതി, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. ബ്ലോക്ക് സെക്രട്ടറി അമർ ഷാഹി, പ്രസിഡന്റ് എം.എം. ജിജേഷ്, ട്രഷറർ ആദിത്യ, സി കെ രൂപേഷ് എന്നിവർ നേതൃത്വം നൽകി. അക്രമികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പേരാമ്പ്ര പൊലീസിൽ പരാതി നൽകി.
ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം
യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി കെ രാഗേഷ്, വി പി ദുൽഖിഫിൽ, കെ എസ് യു ജില്ല വൈസ് പ്രസിഡന്റ് വി ടി സൂരജ്, ജില്ല ജനറൽ സെക്രട്ടറി അർജുൻ കട്ടയാട്ട്, കിഷോർ കാന്ത് മുയിപ്പോത്ത്, അഖിൽ, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ദിവസമാണ് ബീഫ് വാങ്ങാനെത്തിയ സംഘം ഹലാൽ അല്ലാത്ത ഇറച്ചി വിൽക്കുന്നില്ലെന്ന് ആരോപിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ബാദുഷ സൂപ്പർമാർക്കറ്റിലെ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയ്യൂർ സ്വദേശി പ്രസൂണിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം