
ദില്ലി: യുഎഇ കോൺസുലേറ്റ് അറ്റാഷെ രാജ്യം വിട്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ഡിവൈഎഫ്ഐ. നിർണായക വിവരങ്ങൾ നൽകേണ്ട അറ്റാഷെയ്ക്ക് രാജ്യം വിട്ടുപോകാൻ മൗനാനുവാദം നൽകിയത് കേസ് അന്വഷണം അട്ടിമറിക്കാൻ വേണ്ടിയാണ്. ഇതിൽ ബിജെപി നേതൃത്വത്തിനും വിദേശ കാര്യ സഹമന്ത്രി വി മുരളീധരനും പങ്കുണ്ട്. കേസ് അട്ടിമറിക്കാൻ ഒരു വിഭാഗം ബിജെപി നേതാക്കൾ ശ്രമിക്കുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആരോപിച്ചു.
വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ ഇക്കാര്യത്തിൽ ആദ്യ ഘട്ടം മുതൽ ദുരൂഹമായ ഇടപെടലുകളാണ് നടത്തുന്നത്. അറ്റാഷെയെ ഇന്ത്യയിൽ നിലനിർത്താതിരുന്നത് എന്തുകൊണ്ടെന്ന് മുരളീധരൻ വ്യക്തമാക്കണം. സ്വർണ്ണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജ് വഴിയല്ലെന്ന് ആദ്യമേ വി മുരളീധരൻ സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ പ്രത്യേക അന്വഷണം ആവശ്യപ്പെടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സംസ്ഥാന മന്ത്രിസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടാലേ അന്വേഷണം പ്രഖ്യാപിക്കാൻ കഴിയൂ എന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. എന്നാൽ കേന്ദ്രസർക്കാർ എൻഐഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടാൻ തുടക്കം മുതൽ ശ്രമിക്കുകയാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
അറ്റാഷെയെ ഇന്ത്യയിൽ നിലനിർത്താനും അന്വഷണവുമായി സഹകരിപ്പിക്കാനും വിദേശ കാര്യ മന്ത്രാലയം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന് മുരളീധരൻ വ്യക്തമാക്കണം. ഇന്ത്യയുമായി നല്ല നയതന്ത്ര ബന്ധമാണ് യുഎഇക്ക്. ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധന നടത്താൻ വളരെ വേഗമാണ് യുഎഇ അനുമതി നൽകിയത്. അറ്റാഷെ രാജ്യത്ത് തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടാൽ അതിനോട് യുഎഇ സഹകരിക്കുമായിരുന്നു. എന്നാൽ അത്തരം ശ്രമം നടത്താൻ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ലെന്നത് ദുരൂഹമാണ്.
എൻഐഎ കേസ് ദുർബലപ്പെടുത്താൻ വേണ്ടിയാണ് അറ്റാഷെയെ രാജ്യം വിടാൻ അനുവദിച്ചത്. എന്തുകൊണ്ടാണ് മുരളീധരൻ അന്വേഷണത്തെ ഭയപ്പെടുന്നത്. മാധ്യമങ്ങളിൽ നിന്നും മറഞ്ഞു നിൽക്കുന്നത് എന്തിനാണെന്നും ചോദ്യമുണ്ട്. തീവ്രവാദ ബന്ധമുള്ള, രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന കേസിന്റെ അന്വഷണം ശരിയായി നടക്കേണ്ടതുണ്ട്. കേസിലെ പ്രതികൾ തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാതെ, ബിജെപി ഭരിക്കുന്ന കർണാടകയിലേക്ക് പോയത് നേരത്തെ തന്നെ സംശയാസ്പദമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam