
കൽപ്പറ്റ: കൽപ്പറ്റ ടൗൺഷിപ്പിലെ 178 വീടുകളിലേക്കും സ്മാർട്ട് ടിവി നൽകി ഇടതുയുവജന സംഘടന ഡിവൈഎഫ്ഐ. ടൗൺഷിപ്പ് ഒന്നാം ഘട്ട ഉദ്ഘാടനത്തിനിടെയാണ് ഡിവൈഎഫ്ഐ ടിവി വിതരണം ചെയ്തത്. മുഖ്യമന്ത്രിക്ക് കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന പ്രസിഡന്റ് വി.കെ. സനോജും സെക്രട്ടറി വി. വസീഫും വിതരണത്തിന് നേതൃത്വം നൽകി. നേരത്തെ ടൗൺഷിപ്പ് നിർമാണത്തിനായി 20 കോടി രൂപ ഡിവൈഎഫ്ഐ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
‘’ആക്രി പെറുക്കി വിറ്റും കൂലിപ്പണി ചെയ്തും ചായ വിറ്റും തട്ടുകട നടത്തിയും അവർ 100 വീടുകൾക്കുള്ള 20 കോടി രൂപ സമാഹരിച്ച് നൽകി..ഇന്ന് 178 വീടുകളിലേക്കും അവർ ഓരോ ടി.വി വാങ്ങി നൽകി..മുൻകാല പ്രവർത്തകനെന്ന നിലയിൽ അഭിമാനം''- മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതർക്ക് കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷമാണ് ദുരന്തബാധിതർക്ക് പട്ടയം മുഖ്യമന്ത്രി വിതരണം ചെയ്തത്. ദുരന്തത്തിന് ഇരയായി ഗുരുതര പരിക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കല്‍പ്പറ്റ ജനറൽ ആശുപത്രിയുടെ അനെക്സ് ബ്ലോക്കിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam