നിപ ഭീതി പൂർണമായും ഒഴിഞ്ഞതോടെ കോഴിക്കോട് രാമനാട്ടുകരയിൽ ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 42 ദിവസമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനം. ചികിത്സയിലുള്ള ഏക രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി
തിരുവനന്തപുരം: നിപ ഭീതി പൂർണമായും ഒഴിഞ്ഞതിന്‍റെ സമ്പൂർണ്ണ ആശ്വാസത്തിൽ സംസ്ഥാനം. കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി 5 -ാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. ജൂൺ 11 ന് റിപ്പോർട്ട് ചെയ്തിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്ത സാഹചര്യത്തിലാണിത്. കൺടൈൻമെന്‍റ് സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടികളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാനായി. ഒന്നിലധികം പേരിലേക്ക് രോഗം പടരാതിരിക്കാൻ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന് സാധിച്ചതായും മന്ത്രി പറഞ്ഞു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. വെന്റിലേറ്ററിൽ നിന്ന് മാറ്റി. മൂന്ന് നിപ പരിശോധന ഫലവും നെഗറ്റീവായി. റിബാവെറിൻ മരുന്ന് ആദ്യം മുതലേ നൽകുന്നുണ്ട്. മോണോക്‌ളോണൽ ആന്റിബോഡി ആദ്യഡോസ് ജൂൺ 12 ന് നൽകുകയും ചെയ്തിരുന്നെന്നും മന്ത്രി വ്യക്തമാക്കി.
ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനം
കോഴിക്കോട് മെഡിക്കൽ കോളേജിലും പൂനയിലെ എൻ ഐ വിയിലും നടത്തിയ പരിശോധന ഫലങ്ങൾ പോസിറ്റീവ് ആയതിനെ തുടർന്ന് ജൂൺ 11 നാണ് രാമനാട്ടുകര സ്വദേശിയായ 43 വയസുകാരന് നിപ സ്ഥിരീകരിച്ചത്. നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് പ്രദേശത്തും രോഗി സന്ദർശിച്ചിരുന്ന ആശുപതികൾ തൊഴിലിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയത്. രോഗം സ്ഥിരീകരിച്ചപ്പോൾത്തന്നെ ജില്ലാതലത്തിൽ കൺട്രോൾ റൂം ആരംഭിക്കുകയും രോഗബാധിതന്റെ സമ്പർക്ക പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. 104 പേരായിരുന്നു സമ്പർക്ക പട്ടികയിൽ. എല്ലാവരും കൃത്യമായി നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജൂൺ 14 ന് മന്ത്രി കെ മുരളീധരൻ നേരിട്ട് ജില്ലയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ജൂൺ 13 ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ പി അനിൽകുമാർ ഉന്നതല യോഗം വിളിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതു മുതൽ എല്ലാദിവസവും വിവിധ വകുപ്പുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവലോകന യോഗങ്ങൾ നടത്തുകയും അതാത് ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു.
