ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിഷുസമ്മാനവുമായി ഡിവൈഎഫ്‌ഐ; നല്‍കിയത് 500 പിപിഇ കിറ്റ്

By Web TeamFirst Published Apr 15, 2020, 6:47 PM IST
Highlights

വിഷുദിനത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് 1340 ചാക്ക് അരിയും ഡിവൈഎഫ് സംഭവന നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.  500 പിപിഇ കിറ്റുകള്‍ വാങ്ങാന്‍ ആവശ്യമുള്ള പണം ഡിവൈഎഫ്‌ഐ ആരോഗ്യ വകുപ്പിന് കൈമാറുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് 19 വൈറസ് ബാധയെ  ഒന്നിച്ച് നിന്ന് നേരിടുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താങ്ങായി ഡിവൈഎഫ്‌ഐ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിഷുസമ്മാനവുമായി ഡിവൈഎഫ്‌ഐ 500 പിപിഇ കിറ്റുകളാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിഷുദിനത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് 1340 ചാക്ക് അരിയും ഡിവൈഎഫ് സംഭവന നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.  500 പിപിഇ കിറ്റുകള്‍ ഡിവൈഎഫ്‌ഐ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്ക് കൈമാറുകയായിരുന്നു. നേരത്തെ, പിപിഇ കിറ്റുകള്‍ക്ക് വലിയക്ഷാമം നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് വിഷുസമ്മാനമായി കിറ്റുകള്‍ നല്‍കാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചത്. ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തകരില്‍ നിന്ന് പിരിച്ച തുകയാണ് കിറ്റുകള്‍ വാങ്ങാന്‍ നല്‍കിയത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ് ഇയാള്‍. സമ്പര്‍ക്കം മൂലമാണ് രോഗം വന്നത്. ചികിത്സയിലുള്ള ഏഴ് പേര്‍ക്ക് ഇന്ന് ഫലം നെഗറ്റീവായി.

കാസര്‍കോട്ടെ നാല് പേര്‍ക്കും കോഴിക്കോട്ടെ രണ്ട് പേര്‍ക്കും കൊല്ലത്തെ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്.ഇതുവരെ സംസ്ഥാനത്ത് 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 167 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 97,464 പേര്‍ നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 522 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

click me!