
മലപ്പുറം: രാജ്യത്തെ സായുധ സേനയിൽ കരാർ നിയമനം നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം വ്യാപിക്കുന്നു. അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ രംഗത്തെത്തി. മലപ്പുറത്ത് ഡി വൈ എഫ് ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്തു. മലപ്പുറം കുന്നുമ്മലിൽ വെച്ച് നടന്ന പ്രതിഷേധ കൂട്ടായ്മ ഡി വൈ എഫ് ഐ മുൻ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പി ഷബീർ അധ്യക്ഷനായിരുന്നു.
തിരുവനന്തപുരത്തും കോഴിക്കോട്ടും അഗ്നിപഥിൽ പ്രതിഷേധമാളുന്നു, രാജ്ഭവനിലേക്ക് കൂറ്റൻ റാലി
അതേസമയം രാവിലെ അഗ്നിപഥ് പദ്ധതിക്കെതിരെ തലസ്ഥാന നഗരമായി തിരുവനന്തപുരത്തും കോഴിക്കോട്ടും യുവാക്കളുടെ പ്രതിഷേധം ഉയർന്നിരുന്നു. തലസ്ഥാനത്ത് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് കൂറ്റൻ റാലിയാണ് പ്രതിഷേധക്കാർ സംഘടിപ്പിച്ചത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ ആയിരത്തോളം ഉദ്യോഗാർത്ഥികൾ തമ്പാനൂരിൽ സംഘിടിച്ചാണ് റാലി നടത്തിയത്. 'അഗ്നിപഥ്' സ്കീം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും, ആർമി കംബൈൻഡ് എൻട്രൻസ് എക്സാമിനേഷൻ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. രാവിലെ 9.30-യോടെയാണ് തമ്പാനൂരിൽ അഞ്ഞൂറിലധികം ഉദ്യോഗാർത്ഥികൾ തടിച്ചുകൂടിയത്. പോകെപ്പോകെ പ്രതിഷേധമാർച്ചിലേക്ക് നിരവധിപ്പേരെത്തി. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് സാഹചര്യം മൂലം ആർമി റിക്രൂട്ട്മെന്‍റുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. സൈനിക റിക്രൂട്ട്മെന്‍റ് റാലികൾ പലതും നടന്നിരുന്നെങ്കിലും, അതിൽ നിന്ന് നിയമനം നടന്നിരുന്നില്ല. ഈ റാലികളിലും മറ്റും പങ്കെടുത്തും അല്ലാതെയും ഫിസിക്കലും മെഡിക്കലുമായ എല്ലാ പരീക്ഷകളും പാസ്സായ ഉദ്യോഗാർത്ഥികളാണ് പ്രതിഷേധക്കാരിൽ പലരും. കോഴിക്കോട്ടും സമാനമായിരുന്നു അവസ്ഥ.
അതേസമയം അഗ്നിപഥിനെതിരായ പ്രതിഷേധം നാലാം നാളും രാജ്യത്ത് അതിശക്തമായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ യുവജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ബിഹാറിലായിരുന്നു ഇന്നും ഏറ്റവും രൂക്ഷമായ പ്രതിഷേധം അരങ്ങേറിയത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തു. ബിഹാറില്‍ ഗ്രാമീണ മേഖലകളില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം ഉണ്ടായി. റെയില്‍വേ സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു. മുസോഡിയില്‍ അക്രമികള്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു. പ്രതിപക്ഷ പാർട്ടികളുടെ ബന്ദിനിടെ ബിഹാറില്‍ അങ്ങിങ്ങ് സംഘര്‍ഷമുണ്ടായി. ജെനാദാബാദിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഇവിടെ ബസുകൾ അടക്കം കത്തിച്ചു. ഇതിനിടെ ബിഹാറിൽ ഇൻ്റർനെറ്റ് നിയന്ത്രണം ആറ് ജില്ലകളിൽ കൂടി നീട്ടി.
അഗ്നിപഥ് പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷം, പദ്ധതി നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അഗ്നിപഥിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്. കര്‍ഷക സമരത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ ഉയരുന്ന വ്യാപക പ്രതിഷേധം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്‍പുള്ള പ്രതിപക്ഷ നീക്കത്തിന് ബലം പകരുന്നതാണ്. പ്രതിഷേധിക്കുന്ന യുവാക്കള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് ചികിത്സയില്‍ കഴിയുന്ന സോണിയ ഗാന്ധി വ്യക്തമാക്കി. അക്രമ സമരം വേണ്ടെന്നും അവർ ആഹ്വാനം ചെയ്തു. യുവാക്കളുടെ മുന്‍പില്‍ മോദിക്ക് മുട്ട് മടക്കേണ്ടി വരുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. 'ജയ് ജവാന്‍ ജയ് കിസാന്‍' എന്ന മുദ്രാവാക്യത്തെ മോദി അപമാനിച്ചുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തൊഴിൽരഹിതരായ യുവാക്കളുടെ വേദനയും നിരാശയും സർക്കാർ മനസ്സിലാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. യുവാക്കളെ സഹായിക്കുന്നതിനുപകരം നിയമനം, റാങ്ക് എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഭാവി മുന്നിൽക്കണ്ട് പ്രതിഷേധങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയ്ക്കണമെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടിട്ടുണ്ട്.