അഗ്നിപഥ്: സമരത്തിന് പിന്നിൽ അർബൻ നക്സലുകളും ജിഹാദികളുമെന്ന് കെ സുരേന്ദ്രൻ

Published : Jun 18, 2022, 10:48 PM IST
അഗ്നിപഥ്: സമരത്തിന് പിന്നിൽ അർബൻ നക്സലുകളും ജിഹാദികളുമെന്ന് കെ സുരേന്ദ്രൻ

Synopsis

മോദി സർക്കാർ എന്ത് ചെയ്താലും മെറിറ്റ് നോക്കാതെ ഇവർ എതിർക്കുകയാണെന്നും സുരേന്ദ്രൻ കുറപ്പെടുത്തി. കേരളത്തിൽ ഉൾപ്പെടെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം കടുക്കുമ്പോഴാണ് കെ സുരേന്ദ്രന്റെ പ്രതികരണം

കോട്ടയം: അഗ്നിപഥ് പദ്ധതിക്കെതിരായ സമരത്തിന് പിന്നിൽ അർബൻ നക്സലുകളും ജിഹാദികളുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരങ്ങൾ നടത്തുന്നത് സ്ഥിരം ആളുകളുടെ സമ്മർദ്ദം മൂലമാണ്. മോദി സർക്കാർ എന്ത് ചെയ്താലും മെറിറ്റ് നോക്കാതെ ഇവർ എതിർക്കുകയാണെന്നും സുരേന്ദ്രൻ കുറപ്പെടുത്തി. കേരളത്തിൽ ഉൾപ്പെടെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം കടുക്കുമ്പോഴാണ് കെ സുരേന്ദ്രന്റെ പ്രതികരണം. അതേസമയം,  പ്രതിഷേധം കണക്കിലെടുത്ത് അഗ്നിപഥ് നിർത്തിവയ്ക്കണമെന്നു പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് യുവാക്കൾക്ക് ആശങ്കയുണ്ട്. എതിർ സ്വരങ്ങൾ കണക്കിലെടുക്കണം. പ്രതിഷേധങ്ങൾ യുവാക്കളുടെ വികാരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ വിദഗ‍‍്‍ധരുടെ അഭിപ്രായങ്ങൾ മാനിക്കണമെന്നും രാജ്യതാൽപര്യം കണക്കിലെടുക്കണം എന്നും പ്രധാനമന്ത്രിക്കയച്ച ട്വിറ്റർ സന്ദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനിടെ, അഗ്നിപഥിനെതിരെ രാജ്യത്ത് ശക്തമാകുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് കൂടുതൽ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസും സിപിഎമ്മും വ്യക്തമാക്കി.  

'പബ്ജിയിൽ നശിക്കുന്ന യുവാക്കൾക്ക് ഈ പരിഷ്കാരം ആവശ്യം'; അഗ്നിപഥിനെ പിന്തുണച്ച് കങ്കണ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉൾപ്പെടെ അഗ്നിപഥിനെതിരായ പ്രതിഷേധം കടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആക്രമണം കടുപ്പിക്കുകയാണ്. പ്രതിഷേധിക്കുന്ന യുവാക്കള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് ചികിത്സയില്‍ കഴിയുന്ന സോണിയ ഗാന്ധി വ്യക്തമാക്കി. 'ജയ് ജവാന്‍ ജയ് കിസാന്‍' എന്ന മുദ്രാവാക്യത്തെ മോദി അപമാനിച്ചുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ഈ  പ്രതികരണത്തിലൂടെ ബിജെപി വോട്ടുബാങ്കുകളായ കര്‍ഷകരെയും സൈനികരേയും ഉന്നമിടുകയാണ് രാഹുൽ. ഭാവി മുന്നിൽക്കണ്ട് പ്രതിഷേധങ്ങളെ  പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയ്ക്കണമെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു. അതേസമയം അഗ്നിപഥിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ പദ്ധതി അവതരിപ്പിച്ച രീതിയില്‍ ആര്‍എസ്എസിനും അമര്‍ഷമുണ്ട്. നേരാംവണ്ണം വിശദീകരിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്ന വിലയിരുത്തല്‍ ആര്‍എസ്എസിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഘടകക്ഷിയായ ജെഡിയു പദ്ധതിക്കെിരെ നിലപാടെടുത്തതും ബിജെപിക്ക്  ക്ഷീണമായി. 

അഗ്നിപഥ് പ്രക്ഷോഭം: ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ

പാറ്റ്ന: ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഉത്തരവ് വന്നതിന് പിന്നാലെ നേതാക്കളുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. അഗ്നിപഥ് പ്രതിഷേധത്തിൽ ബിഹാർ ഉപമുഖ്യമന്ത്രിയുടേയും എംഎൽഎമാരുടേയും വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇവർക്ക് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയത്. 

അഗ്നിപഥ് പദ്ധതിക്കെതിരെ  ഇന്നും രാജ്യവ്യാപക പ്രതിഷേധമാണ് ഉണ്ടായത്. പഞ്ചാബിലെ ലുധിയാനയില്‍ റെയില്‍വെ സ്റ്റേഷന്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഹരിയാനയിലെ മഹേന്ദർഗഡില്‍ വാഹനം കത്തിച്ചു  അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്  ബിഹാറില്‍ ഇതുവരെ 620 പേരെ അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശില്‍ 260 ഉം, തെലങ്കാനയില്‍ നൂറും പ്രതിഷേധക്കാർ അറസ്റ്റിലായിട്ടുണ്ട്. 

അറസ്റ്റിലായവരുടെ വാട്സാപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ സൈനിക പരിശീലന കേന്ദ്രങ്ങൾക്ക് പ്രക്ഷോഭത്തില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.  അക്രമം വ്യാപകമായതോടെ രാജ്യത്താകെ 369 ട്രെയിനുകൾ റദ്ദാക്കി. ഇതില്‍ അറുപതും ബിഹാറിലാണ്. 

സെക്കന്തരാബാദ് പ്രതിഷേധത്തിലെ പ്രധാന ആസൂത്രകന്‍ എന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റിഡിയിലെടുത്തു.  വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്ത് ആസൂത്രിതമായാണ് പ്രതിഷേധം നടന്നതെന്നാണ് റെയില്‍വേ പൊലീസ് റിപ്പോര്‍ട്ട്.  റെയില്‍വേയ്ക്ക് ഇരുപത് കോടിയുടെ നാശനഷ്ടമുണ്ടായി.  പൊലീസ് വെടിവെയ്പ്പില്‍ മരിച്ച രാകേഷിന്‍റെ വിലാപയാത്രയ്ക്കിടെ ബിഎസ്എന്‍എല്‍ ഓഫീസിന് നേരെ ആക്രമണശ്രമം നടന്നു. ചെന്നൈയിലും കര്‍ണാടകയിലെ ധാര്‍വാഡിലും പ്രതിഷേധമുണ്ടായി. 

അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യയിൽ പ്രക്ഷോഭം ശക്തമാണ്. ഇവിടെയാണ് വ്യാപകമായി അക്രമസംഭവങ്ങൾ നടന്നതും. ദക്ഷിണേന്ത്യയിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും പ്രതിഷേധം സമാധാനപരമാണ്. ദക്ഷിണേന്ത്യയിൽ സെക്കന്തരാബാദിൽ രണ്ടാം ദിവസം പ്രതിഷേധം ട്രെയിൻ കത്തിക്കൽ അടക്കം അക്രമങ്ങളിലേക്ക് വഴി തിരിഞ്ഞെങ്കിലും പൊലീസ് ശക്തമായി ഇടപെട്ടതോടെ സ്ഥിതി ശാന്തമാണ്.

 ബിഹാറിലെ ലഖിസാരായിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ കുഴഞ്ഞുവീണ യാത്രക്കാരൻ ഇന്ന് മരിച്ചു. ബിഹാറിൽ ഇന്ന് പ്രതിപക്ഷ ബന്ദാണ്. രാജ്യവ്യാപക പ്രതിഷേധം തുടരുമ്പോഴും റിക്രൂട്ട്മെന്‍റ് നടപടികളുമായി മുന്നോട്ടു പോകാൻ സേനകൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും