ശ്രീറാം വെങ്കിട്ടരാമൻ കേസിൽ വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിക്കണം; ഡിവൈഎഫ്ഐ

By Web TeamFirst Published Aug 5, 2019, 4:06 PM IST
Highlights

ആദ്യ ഘട്ടത്തിൽ കേസ് അട്ടിമറിക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി വേണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം ആവശ്യപ്പെട്ടു.
 

കൊച്ചി: ഐഎഎസ് ഉദ്യോ​ഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ  മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിന്റെ തുടക്കത്തിൽ വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ. ആദ്യ ഘട്ടത്തിൽ കേസ് അട്ടിമറിക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി വേണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം ആവശ്യപ്പെട്ടു.

കേസിന്റെ അന്വേഷണത്തിൽ പൊലീസിന്റെ ഭാ​ഗത്ത് നിന്നും വലിയ വീഴ്ച ഉണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മ്യൂസിയം ക്രൈം എസ്ഐ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ വൻ വീഴ്ച ഇക്കാര്യത്തിൽ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ശ്രീറാമിനെ സ്വന്തം നിലയിൽ സ്വകാര്യ ആശുപത്രിയിൽ വിട്ടയച്ചതും പൊലീസിന്‍റെ വീഴ്ചയായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം,  ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്രോമ ഐസിയുവിലേത്ത് മാറ്റി. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നാണ് മെഡിക്കൽ ബോര്‍ഡിന്‍റെ വിശദീകരണം. മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം ശ്രീറാം വെങ്കിട്ടരാമന് ലഭ്യമാക്കാനും നടപടി എടുക്കുമെന്നാണ് വിവരം.

കാര്യമായ ബാഹ്യ പരിക്കുകൾ ഇല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. ആന്തരിക പരിക്കുകൾ ഉണ്ടോ എന്ന് അറിയാൻ സ്കാനിംഗ് അടക്കമുള്ള പരിശോധനകളുടെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നാണ് മെഡിക്കൽ ബോർഡ് പറയുന്നത്. അടുത്ത മെഡിക്കൽ ബോർഡ് യോഗം ചേരും വരെ ഐസിയുവിൽ തുടരുമെന്നാണ് വിവരം. 

72 മണിക്കൂര്‍ ശ്രീറാം വെങ്കിട്ടരാമനെ നിരീക്ഷണത്തിൽ വയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിലപാടെന്നും വിവരമുണ്ട്. ഡയാലിസിസ് വിധേയനായതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിലവിൽ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നു.

click me!