
തിരുവനന്തപുരം: ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കുന്ന തിരുമാനമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാര്‍ കാശ്മീര്‍ വിഭജനത്തിലൂടെ നടപ്പിലാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസ്- സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ വ്യക്തമായത്. ഇത് ഇന്ത്യക്ക് ആപത്താണെന്ന് ചെന്നിത്തല വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ഈ വിഭജനത്തിലൂടെ കാശ്മീരിനെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയാണ് മോദിയും അമിത് ഷായും വിഭജിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കലുഷിതമായ കാശ്മീരിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ആളിക്കത്തിക്കാനായിരിക്കും ഈ നടപടി വഴി വയ്ക്കുക. ചര്‍ച്ചകളും സംവാദങ്ങളും നടത്താതെ പാര്‍ലമെന്റിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ജനാധിപത്യ അട്ടിമറി നടത്തിയത്. മുന്‍ കാല സര്‍ക്കാരുകളെല്ലാം കാശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ടാണ് കാശ്മീരുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും എടുത്തിരുന്നത്.
ബിജെപി സര്‍ക്കാരാകട്ടെ അവിടുത്തെ ജനങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും നിശബ്ദരാക്കിക്കൊണ്ട് തങ്ങളുടെ വിഭജന അജണ്ട ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയായിരുന്നു. 1947 ല്‍ രാജ്യം വിഭജിച്ച അവസ്ഥക്ക് സമാനമായ സ്ഥിതിയാണ് ബിജെപി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനക്ക് ചരമക്കുറിപ്പെഴുതാനുള്ള ശ്രമങ്ങള്‍ അധികാരമേറ്റ നാള്‍ മുതല്‍ ബിജെപി നടത്തി വരികയായിരുന്നു. അത്യന്തികമായി ഭരണഘടനയെ തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ബി ജെപി നീങ്ങുന്നതെന്നും ഇത് രാജ്യത്തിന്റ ബഹുസ്വരതയെയും ജനാധിപത്യത്തെയും പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam