
തൃശൂർ: അഹിന്ദുവെന്ന കാരണത്താൽ തൃശൂർ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കലാപരിപാടിയിൽ നിന്ന് ഒഴിവാക്കിയ നർത്തകി മൻസിയക്ക് വേദിയൊരുക്കി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ടൗൺ ഹാളിലായിരുന്നു മൻസിയയുടെ കലാപ്രകടനം. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ ഈ മാസം 21 ന് നടക്കുന്ന പരിപാടിയിൽ നിന്നാണ് മൻസിയയെ ഒഴിവാക്കിയത്. മതത്തിൻ്റെ പേരിലുള്ള ഈ മാറ്റി നിർത്തലിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിയാണ് പാടുന്നോർ പാടട്ടെ, ആടുന്നോർ ആടട്ടെ കലക്ക് മതമില്ലെന്ന സന്ദേശവുമായി പരിപാടി സംഘടിപ്പിച്ചത്. പൊതു ഇടങ്ങളെ മതേതരമായ കലാ സാംസ്കാരിക കൂട്ടായ്മകൾക്കുള്ള വേദിയാക്കുകയാണ് ലക്ഷ്യം. മന്ത്രി ആർ ബിന്ദു ഉൾപ്പെടെ നിരവധി പേർ നൃത്തം ആസ്വദിക്കാൻ എത്തിയിരുന്നു.
മൻസിയ അഹിന്ദുവാണെന്ന കാരണം പറഞ്ഞാണ് കൂടൽമാണിക്യം ക്ഷേത്രക്കമ്മിറ്റി നൃത്തത്തിൽ നിന്ന് വിലക്കിയത്. മൻസിയയുടെ പേര് വെച്ച് നോട്ടീസ് അച്ചടിച്ചതിന് ശേഷമായിരുന്നു നിലപാട് മാറ്റം. തുടർന്ന് സംഭവം വിവാദമായി. ന്‍സിയയ്ക്ക് ഐക്യദാർഢ്യവുമായി നർത്തകി ദേവിക സജീവനും, അഞ്ജു അരവിന്ദും രംഗത്തെത്തി. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ ഏപ്രിൽ 24ന് നടക്കാനിരിക്കുന്ന തന്റെ നൃത്ത പ്രകടനത്തിൽ നിന്നും വിട്ടുനിന്നുകൊണ്ടാണ് ദേവികാ ഐക്യദാർഢ്യവുമായി എത്തിയത്. ഏപ്രില്‍ 24ന് നിശ്ചയിച്ച പരിപാടി ബഹിഷ്കരിക്കുകയാണ് എന്നാണ് അഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.
ദൗർഭാഗ്യകരമായ സംഭവങ്ങൾ നേരിടേണ്ടി വന്ന സഹ കലാകാരന്മാർക്കൊപ്പം നിന്നുകൊണ്ട് തന്റെ പ്രകടനത്തിൽ വിട്ടുനിൽക്കുന്നുവെന്നാണ് ദേവിക അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദേവിക ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam