
മാനന്തവാടി: മാനന്തവാടി സബ് ആർ.ടി. ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ കൂട്ട സ്ഥലം മാറ്റത്തിന് ശുപാർശ. ഓഫിസിലെ 11 പേരെ ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്ഥലം മാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷ്ണറുടെ നിർദേശം. അന്തിമ അന്വേഷണ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കൈമാറി.
മാനന്തവാടി സബ് ആർ.ടി ഓഫീസ് ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്യാനുണ്ടായ കാരണം സഹപ്രവർത്തകരുടെ മാനസിക പീഡനമെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഇത് തെളിയിക്കുന്ന സിന്ധുവിന്‍റെ ഡയറികുറിപ്പുകളും പോലീസ് കണ്ടെത്തി. ഇതോടെയാണ് ഗതാഗത വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയയായ ജൂനിയർ സൂപ്രണ്ട് അജിത കുമാരി നിർബന്ധിത അവധിയിലാണ്. അന്തിമ റിപ്പോർട്ട് സമർപ്പിച്ചതോടെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
മാനന്തവാടി സബ് ആർ.ടി ഓഫിസിലെ മിക്ക ജീവനക്കാരും 8 വർഷത്തിലധികമായി ഇതേ ഓഫിസിലാണ് ജോലി ചെയ്യുന്നത്. ഇത് ഇനി അനുവദിക്കരുതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സിന്ധുവിന്‍റെ മരണത്തിൽ നേരിട്ട് ആർക്കും പങ്കില്ലെങ്കിലും ഓഫീസിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ. ജൂനിയർ സൂപ്രണ്ട് അജിത കുമാരിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സിന്ധുവിന്റെ ആത്മഹത്യയിൽ പൊലീസ് അന്വേഷണവും അന്തിമ ഘട്ടത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam