
തൃശൂർ: സിപിഎമ്മിനെ പിടിച്ചുലച്ച ശബ്ദരേഖ ചോർച്ചയില്‍ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി വന്നേക്കും. ശരത്തിനെതിരെ പാർട്ടി നടപടി വരുമെന്നാണ് സൂചന. വിഷയത്തില്‍ വിശദീകരണം നൽകാൻ മൂന്ന് ദിവസത്തെ സാവകാശം നല്‍കും. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വിവരം. സിപിഎം നേതാക്കൾ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദ രേഖയിലെ വെളിപ്പെടുത്തൽ. ശബ്ദരേഖ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ശബ്ദരേഖയിലെ പരാമർശത്തിൽ നേതാക്കൾക്ക് അമർഷമുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.
സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്ന് ശരത് പ്രസാദ് പറയുന്നു. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് എം കെ കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നുവെന്നും ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലുണ്ട്. അഞ്ച് വര്‍ഷം മുമ്പുള്ള ശബ്ദ സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് ശരത് പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് മറ്റൊരു പ്രവർത്തകനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. അഞ്ച് കൊല്ലം മുമ്പ് റെക്കോർഡ് ചെയ്യപ്പെട്ട സന്ദേശമാണ് ഇതെന്ന് ശരത് പ്രസാദ് സമ്മതിച്ചിട്ടുണ്ട്. കരുവന്നൂർ തട്ടിപ്പിൽ ഉൾപ്പെട്ട് അന്വേഷണ നിഴലിൽ നിൽക്കുന്ന എ സി മൊയ്തീൻ, എം കെ കണ്ണൻ, അനൂപ് ഡേവിസ് കാട എന്നിവരെയാണ് ശരത് പ്രസാദ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. സിപിഎം നേതാക്കൾ സമ്പത്ത് ഉണ്ടാക്കുന്നതിനെ പറ്റിയും ശരത്ത് വിശദീകരിക്കുന്നുണ്ട്. പ്രതിമാസം ഏരിയ സെക്രട്ടറിക്ക് പതിനായിരം സമ്പാദിക്കാൻ ആയാൽ സംസ്ഥാന കമ്മിറ്റി അംഗത്തിന് അത് ഒരു ലക്ഷം വരെ ആണെന്നും ശരത്ത് പറയുന്നു. കപ്പലണ്ടി കച്ചവടം നടത്തിയ എം കെ കണ്ണൻ ശതകോടീശ്വരനായ രാഷ്ട്രീയം കൊണ്ടാണെന്നും ശരത്ത് പറയുന്നു. എസി മൊയ്തീനെ അപ്പർ ക്ലാസ് ഡീലർ എന്നാണ് ശരത് വിശേഷിപ്പിക്കുന്നത്. ശരത് പ്രസാദ് കൂടി ഉൾപ്പെട്ട മണ്ണുത്തി സിപിഎം ഏരിയ കമ്മിറ്റി കീഴിലുള്ള ഏഴ് സഹകരണ സംഘങ്ങളിൽ സിപിഎം നേതാക്കൾ കോടികളുടെ അഴിമതി നടത്തിയെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.