കാസർകോട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫിന്‍റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഇന്നലെ കസ്റ്റഡിയിൽ എടുത്ത എംഎസ്എഫ് മുൻസിപ്പൽ പ്രസിഡന്‍റ് ഹസ്സൻ, മുണ്ടത്തോട് സ്വദേശി ആഷിർ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രാത്രി രേഖപ്പെടുത്തിയത്. ഔഫിനെ കൊലപ്പെടുത്താൻ ഒന്നാം പ്രതിയായ യൂത്ത് ലീഗ് നേതാവ് ഇർഷാദിനെ ഇരുവരും സഹായിച്ചെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
അറസ്റ്റിലായ മൂന്ന് പേരാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസ് നിഗമനം. ഇന്നലെ റിമാൻഡിലായ ഇർഷാദിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. കോടതി നിർദേശ പ്രകാരമാണ് പരിയാരത്തേക്ക് കൊണ്ടുപോയത്. രാവിലെ ഒമ്പതരയോടെ മന്ത്രി കെ ടി ജലീൽ കൊല്ലപ്പെട്ട ഔഫിന്‍റെ വീട് സന്ദർശിക്കും.
കൊല നടന്ന ആദ്യദിവസം ഇത് രാഷ്ട്രീയകൊലപാതകമാണെന്ന് പറയാതിരുന്ന പൊലീസ് വെള്ളിയാഴ്ച അത് സ്ഥിരീകരിച്ചു. വോട്ടെണ്ണലിന് പിന്നാലെ പ്രദേശത്തുണ്ടായ മുസ്ലിം ലീഗ് - ഡിവൈഎഫ്ഐ പ്രാദേശിക സംഘർഷങ്ങളുടെ തുടർച്ചയായിട്ടാണ് കൊലപാതകമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ ഐപിഎസ് വ്യക്തമാക്കി. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഇന്നലെ ഉത്തരവുമിറങ്ങി.
ഓഫ് കൊല്ലപ്പെട്ട ദിവസം തലക്ക് പരിക്കേറ്റ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇർഷാദിനെ വെള്ളിയാഴ്ച രാത്രിയാണ് കസ്റ്റഡിയിൽ എടുത്തത്. ഔഫിനെ കുത്തിയത് താനാണെന്ന് ഇർഷാദ് സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മാധ്യമങ്ങളോട് ഇർഷാദ് കുറ്റം നിഷേധിച്ചു.
കൂടുതൽ പ്രതികളുണ്ടെന്നും കേസിലെ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൃദയധമനിയിൽ കുത്തേറ്റതാണ് ഔഫിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. ലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തുടർസംഘർഷങ്ങൾ ഒഴിവാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam