കണ്ണൂരിലെ സംഭവം ആവര്‍ത്തിക്കരുത്; അതിഥിതൊഴിലാളി ക്യാമ്പുകൾ സന്ദര്‍ശിക്കാന്‍ ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദ്ദേശം

By Web TeamFirst Published May 19, 2020, 5:55 PM IST
Highlights

ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്ന മുറയ്ക്ക് തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ ഡിവൈഎസ്പി തലത്തിലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തര്‍ പ്രദേശിലേയ്ക്ക് ട്രെയിനുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഒരു സംഘം തൊഴിലാളികള്‍ ഇന്ന് കൂട്ടത്തോടെ കണ്ണൂർ റെയില്‍വേ സ്‌റ്റേഷനില്‍ തടിച്ചുകൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

തൊഴിലാളികളുടെ ക്ഷേമത്തിനായി സര്‍ക്കാരും ജനമൈത്രി പൊലീസും സ്വീകരിച്ച നടപടികള്‍ അവരോട് വിശദീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. താല്പര്യം ഉള്ളവര്‍ക്ക് നാട്ടിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്ന മുറയ്ക്ക് തിരിച്ച് പോകാമെന്ന് തൊഴിലാളികളെ അറിയിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോഴിക്കോട് നിന്ന് ഒറീസയിലേക്ക് 17 സൈക്കിളുകളിലായി പോകാന്‍ ശ്രമിച്ച ഒരു സംഘം അതിഥി തൊഴിലാളികളെ പൊലീസ് ഇടപെട്ട് തടയുകയും ക്യാമ്പുകളിലേക്ക് അയക്കുകയും ചെയ്തു. ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്ന മുറയ്ക്ക് തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാവിലെ എട്ടുമണിയോടെയാണ് തൊഴിലാളികള്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിൽ എത്തിയത്. വളപട്ടണം ഭാഗത്തുനിന്ന് അവര്‍ എത്തുകയായിരുന്നു. തൊഴിലാളികള്‍ റെയില്‍വേ ട്രാക്കുവഴി നടന്നുവന്നതിനാല്‍ തന്നെ അധികമാര്‍ക്കും ഇവര്‍ സ്‌റ്റേഷനിലെത്തുന്നത് ശ്രദ്ധയില്‍പെട്ടരുന്നില്ല. ബാഗും വസ്ത്രങ്ങളും ഉള്‍പ്പടെ തിരിച്ചുപോകുന്നതിനുള്ള തയ്യാറെടുപ്പുകളോടെ ആയിരുന്നു തൊഴിലാളികൾ തടിച്ചുകൂടിയത്.

click me!