
തിരുവനന്തപുരം: പ്രളയ സഹായം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ വയനാട് മേപ്പാടിയില്‍ സനിൽ ചന്ദ്രന് ധനസഹായം ലഭിക്കാതിരുന്ന സാഹചര്യം നിയമസഭയില്‍ വിശദീകരിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ആത്മഹത്യപ്രളയ സഹായത്തിന്‍റെ ആദ്യ ഗഡു ബാങ്കിലേക്ക് നൽകിയിരുന്നു. എസ്ബിഐ ജനപ്രിയ അക്കൗണ്ടായിരുന്നു. 50,000 രൂപയിൽ കൂടുതൽ ഒരേസമയം ആ അക്കൗണ്ടില്‍ നിക്ഷേപിക്കാനാകില്ല. അക്കൗണ്ടിലെ പ്രശ്നം മൂലം അത് മുടങ്ങി.
സനിലിന് പ്രളയസഹായം നല്‍കുന്നതില്‍ വീഴ്ച വന്നോയെന്നും ഉദ്യോഗസ്ഥരില്‍ നിന്നും വീഴ്ചയുണ്ടായോ എന്നതും പരിശോധിക്കും. തിരിച്ചു വന്ന അക്കൗണ്ടുകൾ പരിശോധിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർ ജനുവരി 18 ന് നിർദ്ദേശം നൽകിയിരുന്നു. കാലതാമസം ഉണ്ടായതിൽ ഉദ്യോഗസ്ഥ വീഴ്ച ഉണ്ടോയെന്നതും 10,000 രൂപ കിട്ടിയില്ലെന്ന ആക്ഷേപവും പരിശോധിക്കുമെന്നും റവന്യൂമന്ത്രി വിശദീകരിച്ചു.
'മോളുടെ ഫീസിന് പോലും കാശില്ലായിരുന്നു', പ്രളയസഹായം കിട്ടാതെ ആത്മഹത്യ ചെയ്ത സനിലിന്‍റെ കുടുംബം
വയനാട് തൃക്കൈപ്പറ്റയില്‍ പ്രളയത്തില്‍ വീടുതകർന്ന സനിൽ തിങ്കളാഴ്ച വൈകിട്ടാണ് പുരയിടത്തിൽ തൂങ്ങിമരിച്ചത്. കൂലിപ്പണിയെടുത്താണ് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ സനില്‍ പോറ്റിയിരുന്നത്. 2018-ലെ പ്രളയത്തില്‍ വീടിന് ഭാഗികമായി നാശനഷ്ടമുണ്ടായി, 2019-ല്‍ പൂർണമായും തകർന്നു. എന്നാല്‍ ഇതുവരെ അടിയന്തര ധനസഹായമായ പതിനായിരം രൂപപോലും സർക്കാർ നല്‍കിയില്ല. കഴിഞ്ഞ 40 വർഷമായി താമസിക്കുന്ന 3 സെന്‍റ് ഭൂമി സ്വന്തമാണെന്നതിന്‍റെ രേഖയില്ലാത്തതിനാല്‍ ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിലും ഉള്‍പ്പെട്ടില്ല. കഴിഞ്ഞ ദിവസവുംപോലും ധനസഹായം ലഭിക്കുമോയെന്നറിയാന്‍ സനില്‍ വില്ലേജോഫീസില്‍ പോയി നോക്കിയിരുന്നു. പണം അക്കൗണ്ടിലെത്തുമെന്ന മറുപടി മാത്രമാണ് ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam