
തിരുവനന്തപുരം: ശബരിമല വിമാനത്താവള നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നത് നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ടാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചാണ് ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത്. ഈ ഭൂമിയിലെ ചമയങ്ങൾക്ക് മാത്രമാണ് എസ്‍റ്റേറ്റ് ഉടമക്ക് വില നൽകേണ്ടത്. പാലാ സബ് കോടതിയിൽ ഉടമസ്ഥാവകാശം ഉന്നയിച്ചുള്ള കേസുള്ളതിനാൽ കോടതിയിൽ നഷ്ടപരിഹാരതുക കെട്ടിവെച്ചാണ് ഏറ്റെടുക്കുക. മറ്റ് സാമ്പത്തിക ഇടപാടില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് ഈ വിഷയത്തിൽ ഉന്നയിച്ചത് രഷ്ട്രീയ ആരോപണം മാത്രമെന്നും മന്ത്രി പറഞ്ഞു.
വിമാനത്താവളത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനമെടുത്തിരുന്നു. ഹാരിസൺ മലയാളം 2005 ൽ എസ്‍റ്റേറ്റ് ബിലീവേഴ്സ് ചർച്ചിന് വിറ്റിരുന്നു. സ്ഥലം ഏറ്റെടുക്കാൻ സ്പെഷ്യൽ ഓഫീസർ രാജമാണിക്യം 2103 ൽ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പക്ഷെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കമുണ്ടെങ്കിൽ സിവിൽ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് സിവിൽ കേസ് നൽകിയതിന് പിന്നാലെയാണ് ഏറ്റെടുക്കൽ നീക്കം. പക്ഷെ ഉടമസ്ഥാവകാശത്തിൽ ബിലീവേഴ്സ് ചർച്ച് വിട്ടുവീഴ്ചക്കില്ല. ബിലീവേഴ്സ് ചർച്ച് കോടതിയെ സമീപിച്ചാൽ ഏറ്റെടുക്കൽ കുരുക്കിലാകും.
ചെറുവള്ളിയാണ് വിമാനത്താവളത്തിന് അനുയോജ്യസ്ഥലമെന്ന് കണ്ടെത്തിയത് മുൻ റവന്യുസെക്രട്ടറി അധ്യക്ഷനായ സമിതിയാണ്. വിമാനത്താവളം ലാഭകരമായിരിക്കുമെന്നാണ് സാധ്യതാ പഠനം നടത്തിയ കൺസൽട്ടൻസി ലൂയി ബഗറിന്‍റെ റിപ്പോർട്ട്. വിശദമായ പഠനം നടത്താനും ഈ സ്ഥാപനത്തെ സർക്കാർ ചുമതലപ്പെട്ടുത്തിയിട്ടുണ്ട്. കോട്ടയം കലക്ടർ വിജ്ഞാപനം ഇറക്കിയശേഷം വിദഗ്‍ധ സമിതി എസ്‍റ്റേറ്റ് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും. സമൂഹികാഘാതപഠനമടക്കം പിന്നീട് നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam