നിങ്ങളുടെ തൊട്ടടുത്ത സർക്കാർ ആശുപത്രി ലിസ്റ്റിൽ ഉണ്ടോ? ക്യൂ നില്‍ക്കാതെ നേരത്തെ ഒപി ടിക്കറ്റ് എടുക്കാം; 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത്

Published : Nov 12, 2025, 02:56 PM IST
Hospital Bed

Synopsis

സംസ്ഥാനത്തെ 1001 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ-ഹെൽത്ത് സംവിധാനം വിജയകരമായി നടപ്പിലാക്കി. ഇത് വഴി ജനങ്ങൾക്ക് ഒരു യുണീക്ക് ഹെൽത്ത് ഐഡി (UHID) എടുക്കാനും ആശുപത്രികളിൽ ക്യൂ നിൽക്കാതെ ഓൺലൈനായി ഒപി ടിക്കറ്റുകളും അപ്പോയിന്റ്മെന്റുകളും ബുക്ക് ചെയ്യാനും സാധിക്കും. 

തിരുവനന്തപുരം: സംസ്ഥാനത്തെ 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായി. മെഡിക്കല്‍ കോളേജുകളിലെ 19 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ലാ/ജനറല്‍ ആശുപത്രികള്‍, 87 താലൂക്ക് ആശുപത്രികള്‍, 77 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 554 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 99 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 15 സ്പെഷ്യാലിറ്റി ആശുപത്രികള്‍, 3 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 114 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. തിരുവനന്തപുരം 150, കൊല്ലം 61, പത്തനംതിട്ട 37, ആലപ്പുഴ 65, കോട്ടയം 57, ഇടുക്കി 32, എറണാകുളം 100, തൃശൂര്‍ 99, പാലക്കാട് 68, മലപ്പുറം 106, കോഴിക്കോട് 89, വയനാട് 37, കണ്ണൂര്‍ 62, കാസര്‍ഗോഡ് 38 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തില്‍ ഇ ഹെല്‍ത്ത് സജ്ജമാക്കിയത്.

ഇതുവരെ 2.63 കോടിയിലധികം ജനങ്ങള്‍ ഇ ഹെല്‍ത്തിലൂടെ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷന്‍ എടുത്തു. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 6.73 കോടിയിലധികമാണ് ചികിത്സ തേടിയത്. 16.85 ലക്ഷം പേരാണ് ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഫലപ്രദമായി നടപ്പിലാക്കി വരുന്നു. ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ എന്നിവ അടുത്തിടെ സജ്ജമാക്കി.

ഇ ഹെല്‍ത്തിലൂടെ ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയുന്നു. വീണ്ടും ചികിത്സ തേടണമെങ്കില്‍ ആശുപത്രിയില്‍ നിന്നും തന്നെ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴിയും എം-ഇഹെല്‍ത്ത് ആപ്പ് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth) വഴിയും അഡ്വാന്‍സ് ടോക്കണ്‍ എടുക്കാം. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.

എങ്ങനെ യുണീക്ക് ഹെല്‍ത്ത് ഐഡി എടുക്കും?

ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ ക്രിയേറ്റ് ചെയ്യണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി ലഭിക്കും. ഈ ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ഇത് പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയിന്റ്മെന്റ് എടുക്കാന്‍ സാധിക്കും.

എങ്ങനെ അപ്പോയിന്റ്‌മെന്റ് എടുക്കാം?

ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയിന്റ്‌മെന്റ് ക്ലിക്ക് ചെയ്യുക. റഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്മെന്റും തെരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയിന്റ്മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തില്‍ ലഭ്യമായ ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. പോര്‍ട്ടല്‍ വഴി അവരുടെ ചികിത്സാവിവരങ്ങള്‍, ലാബ് റിസള്‍ട്ട്, പ്രിസ്‌ക്രിപ്ഷന്‍ എന്നിവ ലഭ്യമാവുന്നതാണ്.

സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്‌

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്
തൊഴിലുറപ്പ് ഭേദഗതി; ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്,ബിൽ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണം എന്ന് ആവശ്യം