
തിരുവനന്തപുരം : കശ്മീര്‍ വിഷയത്തില്‍ സിപിഎമ്മിന്‍റേത് പ്രഖ്യാപിത നിലപാടെന്ന് ഇ പി ജയരാജന്‍. ഈ നിലപാടില്‍ നിന്ന് ആരും വ്യതിചലിക്കില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് എന്തുകൊണ്ടെന്ന് ജലീലിനോട് ചോദിക്കണം. പോസ്റ്റിൽ എന്താണ് ഉദ്ദേശിച്ചതെന്നും തെറ്റായിപോയോ എന്നും ജലീലിനോട് ചോദിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു. സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ് ജലീല്‍ വിവാദ പോസ്റ്റ് പിന്‍വലിച്ചത്. പോസ്റ്റ് പിന്‍വലിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കുകയായിരുന്നു. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താൻ ആവശ്യപ്പെടുന്നതിന് മുമ്പ് മന്ത്രിമാരായ എം വി ഗോവിന്ദനും പി രാജീവും എതിർപ്പ് വ്യക്തമാക്കിയിരുന്നു.
പോസ്റ്റിലെ പരമാർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ പോസ്റ്റ് പിൻവലിക്കുകയാണെന്ന് ഫേസ്ബുക്കിലൂടെയാണ് ജലീൽ അറിയിച്ചത്. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നാണ് കെ ടി ജലീലിന്‍റെ വിശദീകരണം. നേരത്തെ എം വി ഗോവിന്ദനടക്കമുള്ള രണ്ട് മന്ത്രിമാർ കെ ടി ജലീലിന്‍റെ പരാമർശത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഇൻവെർട്ടഡ് കോമയിൽ നടത്തിയ പ്രയോഗത്തിന്‍റെ അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്ന് രാവിലെ വിവാദത്തോട് പ്രതികരിച്ച കെ ടി ജലീൽ വൈകുന്നേരത്തോടെ മലക്കം മറിയുകയായിരിന്നു. തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്തെന്നും നാടിന്‍റെ നന്മയക്കായി അത് പിൻവലിക്കുന്നു എന്നുമാണ് ജലീൽ അറിയിച്ചത്. വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കി 1947 ൽ പൂർണ്ണമായി ഇന്ത്യയോട് ലയിച്ചു എന്ന് തിരുത്തിയിട്ടുമുണ്ട്.
അതേസമയം ദില്ലി തിലക് മാർഗ് പൊലിസ് സ്റ്റേഷിനിൽ ബിജെപി അനുകൂലിയായ അഭിഭാഷകൻ ജലീലിനെതിരെ പരാതി നൽകി. രാജ്യദ്രോഹത്തിനെതിരെ കേസെടുക്കണം എന്നാണ് ആവശ്യം. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഇന്ന് ജലീലിനെെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സമീപകാലത്ത് ഇത് മൂന്നാം തവണയാണ് ജലീൽ സിപിഎമ്മിനെ വെട്ടിലാക്കുന്ന നിലപാടെടുക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam