
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞിന് കാത്തിരിക്കുന്നത് കേന്ദ്ര–സംസ്ഥാന ഏജൻസികളുടെ നിയമക്കുരുക്കുകൾ. വിജിലൻസ് ചുമത്തിയ അഴിമതിക്കേസിന് പിന്നാലെ കളളപ്പണം വെളിപ്പിച്ചെന്ന കേസിൽ ഇബ്രാഹിംകുഞ്ഞിനെ പിടികൂടാനുളള ഒരുക്കത്തിലാണ് എൻഫോഴ്സ്മെന്‍റ്. പാലാരിവട്ടം പാലം അഴിമതിയിൽ ഡി എം ആർ സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരനെത്തന്നെ സാക്ഷിയാക്കിയാണ് വിജിലൻസിന്‍റെ നീക്കങ്ങൾ.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞിന്‍റെ പ്രാഥമിക മൊഴി ആശുപത്രി മുറിയിൽവെച്ചുതന്നെ അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നിലയിൽ റിമാൻഡ് ചെയ്താലും കുറച്ചുദിവസം കൂടി ഇതേ ആശുപത്രിയിൽ തുടരാനാകും. ഇതേ ചികിൽസ മെഡിക്കൽ കോളജിലോ മറ്റ് സർക്കാർ ആശുപത്രികളിലോ ലഭ്യമാണെങ്കിൽ കോടതി അനുമതിയോടെ അവിടേക്ക് മാറ്റുന്നതിനും നിയമതടസമില്ല.
എന്നാൽ ഇപ്പോഴത്തെ നിലയിൽ അദ്ദേഹം ചികിൽസയിലുളള ലേക് ഷോർ ആശുപത്രിയിൽത്തന്നെ റിമാൻഡ് പ്രതിയായി കുറച്ചുദിവസം കൂടി തുടരാനാണ് സാധ്യത. അറസ്റ്റിലായി 14 ദിവസത്തിനുളളിൽ ആരോഗ്യം ഭേദപ്പെട്ടാൽ കസ്റ്റിഡയിൽ വാങ്ങി ചോദ്യം ചെയ്യാനും നിയമ തടസമില്ല. അതിനുശേഷമാണെങ്കിൽ റിമാൻഡിലിരിക്കെ മൊഴിയെടുക്കാം. ഇതേസമയത്തുതന്നെ ജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞിന് നീങ്ങാം. ജാമ്യം കിട്ടിയില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരും, എന്നാൽ ചികിൽസയിൽ തുടരുകയാണെങ്കിലും റിമാൻഡ് കാലാവധിയിൽ ആശുപത്രിയിൽ തുടരാകാനാകും.
ഇപ്പോഴത്തെ നിലയിൽ ആശുപത്രിയിൽത്തന്നെ തുടരാനാകും ഇബ്രാഹംകുഞ്ഞിന്‍റെ ശ്രമം. പാലം അഴിമതിയിലെ കളളപ്പണം ചന്ദ്രിക ദിനപ്പത്രം വഴി വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്‍റും അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യനായി ദിവസങ്ങൾക്കു മുമ്പ് വിളിച്ചപ്പോഴും ചികിൽസയിലെന്ന മറുപടിയാണ് ഇബ്രാഹിംകുഞ്ഞ് നൽകിയത്. അതുകൊണ്ടുതന്നെ എൻഫോഴ്സ്മെന്‍റും വരും ദിവസങ്ങളിൽ നടപടികളുമായി മുന്നോട്ടുപോകും. പാലം പൊളിക്കുന്നതിനും പണിയുന്നതിനും മേൽ നോട്ടം വഹിക്കുന്ന ഇ ശ്രീധരന്‍റെ മൊഴി കഴിഞ്ഞ ദിവസം വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച വിദഗ്ധാഭിപ്രായം അദ്ദേഹം നൽകിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് അറസ്റ്റ് നടപടികളുമായി വിജിലൻസ് നീങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam