
കൊൽക്കത്ത: പശ്ചിമബംഗാളിൽ വോട്ടെണ്ണലിന് മുന്നോടിയായി ഇരൂന്നൂറിലധികം നിരീക്ഷകരെ കൂടി അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മേൽനോട്ടത്തിനായി നിയമിച്ചതിനെതിരായ തൃണമൂൽ കോൺഗ്രസിന്റെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി. വോട്ടെണ്ണൽ ദിനത്തിൽ ബംഗാളിൽ എന്തു നടക്കും എന്ന ആശങ്കകൾക്കിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം. വോട്ടെണ്ണൽ നടപടികൾ സുഗമവും സുതാര്യവുമാക്കാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതൽ ഉന്നത ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പശ്ചിമ ബംഗാളിലേക്ക് അയച്ചത്. 165 വോട്ടെണ്ണൽ നിരീക്ഷകരെയും, 77 പോലീസ് നിരീക്ഷകരെയുമാണ് ഇന്ന് അധികമായി അയച്ചത്.
വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ മാത്രം നിയോഗിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസിന്റെ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലർ ചട്ടവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബഞ്ച് ഇത് തള്ളി. ഓരോ കൗണ്ടിംഗ് ടേബിളിലും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരില്ലേയെന്ന് ചോദിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ താൽപര്യം പ്രധാനമാണെന്നും, കമ്മീഷൻ ഉത്തരവിൻ്റെ അന്തഃസത്ത പാലിക്കണം എന്നും നിർദേശിച്ചു. കോടതി നടപടി ബി ജെ പി ആയുധമാക്കി, വോട്ടെണ്ണലിനെ സ്വാധീനിക്കാൻ തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് ജനങ്ങളിൽ സംശയമുണ്ടാക്കാനുമായിരുന്നു ടി എം സി ശ്രമമെന്നും അത് നടന്നില്ലെന്നുമാണ് വിമർശനം.
അതേസമയം ഇന്ന് റീപോളിംഗ് നടന്ന മേഖലയിൽ ടി എം സി നേതാക്കൾ വോട്ടർമാരെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. ഇന്ന് സൗത്ത് 24 പർഗാനസിലെ രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളിലാണ് റീപോളിംഗ് നടന്നത്. വോട്ടെടുപ്പിനിടെ അടക്കം ടി എം സി നേതാക്കളെത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതിപ്പെട്ടാണ് സ്ത്രീകളടക്കം റോഡ് തടഞ്ഞ് പ്രതിഷേധിച്ചത്. സ്ഥലത്ത് ടി എം സി - ബി ജെ പി പ്രവർത്തകർ തമ്മിൽ സംഘർഷവുമുണ്ടായി. കേന്ദ്രസേനയും പൊലീസും സ്ഥലത്തെത്തി. മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. കൊൽക്കത്തയിലെ സ്ട്രോങ് റൂമിൽ പോസ്റ്റൽ ബാലറ്റുകൾ വേർതിരിക്കാൻ നടപടി തുടങ്ങിയത് ചട്ട വിരുദ്ധമാണെന്നും, റിട്ടേണിംഗ് ഓഫീസർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ടി എം സി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംസ്ഥാന വ്യാപകമായി സ്ട്രോങ് റൂമുകളിലെ സി സി ടി വികൾ പണി മുടക്കുകയാണെന്ന പരാതിയും ഇന്നലെ തൃണമൂൽ നൽകിയിരുന്നു. വോട്ടെണ്ണലിന് തൊട്ടുമുമ്പുള്ള ഈ അന്തരീക്ഷം വൻ അക്രമത്തിലേക്ക് നീങ്ങാതിരിക്കാൻ 70,000 അർദ്ധ സൈനികർ ബംഗാളിൽ തുടരാനാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam