കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ അറസ്റ്റിൽ. തിരുനെൽവേലി സ്വദേശിയായ ശരത് സുബ്രമണ്യ ശങ്കനെ തമിഴ്നാട് എ ടി എസ് ആണ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്ത്

ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച് പരിഭ്രാന്തി സൃഷ്ടിച്ചിരുന്ന പ്രതി തമിഴ്നാട് എ ടി എസിന്റെ (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) പിടിയിലായി. തിരുനെൽവേലി അംബാസമുദ്രം സ്വദേശിയായ ശരത് സുബ്രമണ്യ ശങ്കനാണ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്. ഒരു ആഴ്ച മുമ്പ് നടന്ന അറസ്റ്റ് വിവരം കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന പ്രതി വ്യാജ പേര് വിവരങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് വിവിധ ഏജൻസികളെയും സംസ്ഥാന സർക്കാരുകളെയും വലച്ച സന്ദേശങ്ങൾ അയച്ചിരുന്നത്. വി വി ഐ പികളെ വധിക്കുമെന്നും പ്രധാന സർക്കാർ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നുമായിരുന്നു ഇയാളുടെ ഭീഷണി സന്ദേശങ്ങൾ. വ്യാജ സന്ദേശങ്ങൾ അന്വേഷണ ഏജൻസികൾക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരുന്നത്.

ചോദ്യം ചെയ്യൽ തുടരുന്നു

തുടർച്ചയായി വ്യാജ ഭീഷണികൾ ഉയർന്നതോടെ വിവിധ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. വിദേശത്തുനിന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് തമിഴ്നാട് ഭീകരവിരുദ്ധ സേന ഇയാളെ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു.