ഇഡിയെ ആക്രമിച്ച കേസിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല, പൊലീസ് റിപ്പോർട്ട് അനുസരിച്ചാണ് വാദിച്ചത്; സർക്കാരിന്‍റെ പ്രതികാര നടപടിയല്ലെന്നും ഗീനാകുമാരി

Published : Jun 29, 2026, 06:55 AM IST
geena kumari

Synopsis

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് അനുകൂല നിലപാടെടുത്തെന്ന പേരിൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും മാറ്റിയതിൽ പ്രതികരിച്ച് ഗീനാകുമാരി. താൻ പൊലീസ് റിപ്പോർട്ട് അനുസരിച്ചാണ് വാദിച്ചതെന്നും ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ഇത് സർക്കാരിന്റെ പ്രതികാര നടപടിയായി കരുതുന്നില്ലെന്നും അവർ വ്യക്തമാക്കി

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നതിന്‍റെ പേരിൽ പ്രോസിക്യൂട്ടറെ സ്ഥാനത്ത് നിന്നും സർക്കാർ മാറ്റിയതിൽ പ്രതികരിച്ച് ഗീനാകുമാരി. സർക്കാർ അഭിഭാഷകയെന്ന നിലയിൽ താൻ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഗീനാകുമാരി രംഗത്തെത്തിയത്. ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എന്ന നിലയിൽ പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് കോടതിയിൽ വാദിച്ചതെന്നും നിയമത്തിനും നീതിബോധത്തിനും കോട്ടം തട്ടുന്ന തരത്തിൽ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഒമ്പതര വർഷത്തെ സേവനത്തിനിടയിൽ ഇതിനേക്കാൾ സംഘർഷഭരിതമായ കേസുകളും മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കുമെതിരെയുള്ള കേസുകളും പക്ഷപാതിത്വമില്ലാതെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗീനാകുമാരി, പ്ലീഡർ സ്ഥാനം ഒഴിയുന്നത് അനിവാര്യമായ നടപടിയാണെന്നും മാധ്യമങ്ങൾ പറയുന്നതുപോലെ ഇത് പ്രതികാര നടപടിയല്ലെന്നും ഉത്തരവിൽ അങ്ങനെയൊന്നും പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു. പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ പരിശോധനയക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയെ പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി കസ്റ്റഡിൽ വേണ്ടെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതും ഇയാൾക്ക് ജാമ്യം ലഭിച്ചതുമാണ് ഗീനയെ മാറ്റാൻ കാരണമായത്.

ഗീനാകുമാരിയുടെ കുറിപ്പ്

പ്രിയപ്പെട്ടവരെ..

2016 ഡിസംബർ മാസം ഇരുപത്തിനാലാം തീയതി മുതൽ സർക്കാർ അഭിഭാഷക എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇക്കഴിഞ്ഞ ഒമ്പതരവർഷ കാലയളവിൽ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും കേസുകൾ കൈകാര്യം ചെയ്യാനായി എന്ന ചാരിതാർത്ഥ്യത്തോടെ ഇന്ന് വിടവാങ്ങുകയാണ്. തീർച്ചയായും അനിവാര്യമായ വിടവാങ്ങൽ ആണെങ്കിലും ചില മാധ്യമങ്ങൾ പ്രതികാര നടപടിയെന്ന് വിശേഷിപ്പിക്കുന്നുണ്ട് (ഉത്തരവിൽ അങ്ങനെയൊന്നുമില്ല എങ്കിലും). ജില്ലാ ഗവൺമെൻറ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എന്ന നിലയിൽ പൊലീസ് നൽകിയ റിപ്പോർട്ട് കോടതി മുമ്പാകെ ഹാജരാക്കുകയും അതിനനുസരിച്ച് തന്നെ ജാമ്യ ഹർജിവാദം പറയുകയും ചെയ്തിട്ടുണ്ട്. ഇതിനേക്കാൾ ഗൗരവമുള്ളതും അല്ലാത്തതും രാഷ്ട്രീയ സംഘട്ടനങ്ങൾ കൊലപാതകം ബലാത്സംഗം ഉൾപ്പെടെ നൂറുകണക്കിന് കേസുകളിൽ ജാമ്യ ഹർജിയിൽ വാദം പറയുകയും വിചാരണ നടത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെയും എം എൽ എമാരുടെയും കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. അതിൽ എൽഡിഎഫ് യുഡിഎഫ് എൻഡിഎ എന്ന പക്ഷപാതിത്വം കാണിച്ചിട്ടില്ല.നിയമത്തിനും നീതിബോധത്തിനും കോട്ടം തട്ടുന്ന തരത്തിൽ ഒരു ഇടപെടലും ഇക്കാലയളവിൽ ഒരു കേസിലും ഞാൻ നടത്തിയിട്ടില്ല. ഇനിയും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. എന്നെ സർക്കാർ ഏൽപ്പിച്ച കർത്തവ്യം പരമാവധി ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യം എനിക്കുണ്ട്. ഇക്കാലയളവിൽ എന്നോടൊപ്പം എന്റെ സഹഅഭിഭാഷകർ സീനിയർ, ജൂനിയർ അഭിഭാഷകർ, ജില്ല ഗവൺമെൻറ് പ്ലീഡർ ഓഫീസിലെ ജീവനക്കാർ, പ്രോസിക്യൂഷൻ വിങ്ങി ലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി പേരെടുത്ത് പറയാൻ ഒരുപാട് പേരുണ്ട്. അവരുടെ സഹായത്തോടുകൂടി അല്ലാതെ എനിക്ക് ഓഫീസ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല എല്ലാവർക്കും നന്ദി. അഭിഭാഷകവൃത്തിയിൽ തെളിമയോടെ ഇനിയും ഉണ്ടാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്, 2 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യത, ഓറഞ്ച് അലർട്ട്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
Malayalam News Live: ഇഡിയെ ആക്രമിച്ച കേസിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല, പൊലീസ് റിപ്പോർട്ട് അനുസരിച്ചാണ് വാദിച്ചത്; സർക്കാരിന്‍റെ പ്രതികാര നടപടിയല്ലെന്നും ഗീനാകുമാരി