കേരളത്തിന്റെ പേര് 'കേരളം' എന്നാക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ പരിഗണിക്കവെ LDF, UDF എംപിമാർ വിട്ടുനിന്നതിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു.
ദില്ലി : കേരളത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ പരിഗണിച്ചപ്പോൾ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും എംപിമാർ സഭയിൽ നിന്ന് വിട്ടുനിന്നത് കേരളത്തോടുള്ള അവഹേളനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. കേരളത്തിന്റെ പൊതുവായ ആവശ്യത്തെ പിന്തുണയ്ക്കുന്നതിനും ബിൽ പാസാക്കുന്നതിനും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയത്താണ് പ്രതിപക്ഷ എംപിമാർ രാഷ്ട്രീയ നിലപാടിന്റെ പേരിൽ സഭാ നടപടികളിൽ നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു.
“കേരളം” എന്ന പേര് ഔദ്യോഗികമായി “കേരളം” എന്നാക്കണമെന്നത് കേരള നിയമസഭ തന്നെ ഏകകണ്ഠമായി മുന്നോട്ടുവച്ച ആവശ്യമാണ്. കേന്ദ്ര സർക്കാർ അതനുസരിച്ച് നടപടികൾ സ്വീകരിച്ച് ബിൽ പാർലമെന്റിൽ കൊണ്ടുവന്നു. ഇത്തരമൊരു പൊതുവായ ആവശ്യത്തിൽ പോലും രാഷ്ട്രീയം കാണുന്ന സമീപനം അംഗീകരിക്കാനാകില്ല.
മദനിയെക്കുറിച്ചുള്ള പ്രമേയങ്ങൾ വരുമ്പോഴും എസ് ഐ ആർ പോലുള്ള വിഷയങ്ങളിലും ഒരുമിച്ച് നിൽക്കാനും വഖഫ് ഭേദഗതി നിയമം പോലുള്ള വിഷയങ്ങളിൽ രാഷ്ട്രീയ പോരാട്ടം നടത്താനും എൽഡിഎഫിനും യുഡിഎഫിനും കഴിയുന്നു. എന്നാൽ കേരളത്തിന്റെ വികസനം, യുവാക്കളുടെ തൊഴിൽ, പിഎസ് സി ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ എന്നിവ ചർച്ചയാകുമ്പോൾ ഈ ഐക്യം കാണാനില്ല. രാഷ്ട്രീയ പ്രവർത്തനം നാടിനെ നന്നാക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ളതാകണം. വിവാദങ്ങളും അധികാര രാഷ്ട്രീയവും മാത്രം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയമല്ല കേരളത്തിന് ആവശ്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നീറ്റ് പരീക്ഷാ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ നടക്കുന്ന സമരങ്ങളിൽ ഒരുമിച്ച് എത്തുന്ന എൽഡിഎഫിനും യുഡിഎഫിനും വർഷങ്ങളായി തുടരുന്ന കേരളത്തിലെ പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തിലും യുവാക്കളുടെ തൊഴിൽ പ്രശ്നങ്ങളിലും എന്തുകൊണ്ട് ഒരുമിച്ച് ശബ്ദമുയർത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിലും സംസ്ഥാന സർക്കാർ കൂടുതൽ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഫിഷറീസ് മന്ത്രിസ്ഥാനത്തിനായി ശക്തമായി വാദിച്ച ശേഷം, ദുരന്തമുണ്ടായപ്പോഴും മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തി അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ തയ്യാറാകാത്തത് അംഗീകരിക്കാനാകില്ല. മന്ത്രിസ്ഥാനത്തിനായി പോരാടിയതുപോലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പോരാടണം.
വീർ സവർക്കറെയും വന്ദേമാതരത്തെയും രാഷ്ട്രീയ വിവാദമാക്കുന്നതിന് മുമ്പ് മന്ത്രിമാർ തങ്ങളുടെ ഭരണപരമായ ഉത്തരവാദിത്തം നിറവേറ്റാൻ തയ്യാറാകണം. നമ്മൾ ഇന്ത്യക്കാരും ഭാരതീയരുമാണ്. രാജ്യത്തിന്റെ ദേശീയഗാനവും ദേശീയഗീതവും പാടുന്നതിൽ എന്താണ് വിഷമമെന്ന് വ്യക്തമാക്കണം. മുസ്ലിം ലീഗിന് വന്ദേമാതരത്തോട് എന്താണ് എതിർപ്പെന്നും ആ എതിർപ്പിന്റെ കാരണം ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമങ്ങൾ ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ഉടമസ്ഥാവകാശമോ ഷെയർഹോൾഡിംഗോ ആരുടേതായാലും, ഒരു മാധ്യമ സ്ഥാപനത്തെ ക്രിമിനൽ പ്രവർത്തനങ്ങൾക്കോ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉയർന്നാൽ നൂറുശതമാനം പരിശോധനയും സമഗ്രമായ അന്വേഷണവും നടക്കണം. മാധ്യമങ്ങൾക്ക് അഭിപ്രായവും ബയസും അജണ്ടയും ഉണ്ടാകാം; എന്നാൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നുള്ള പണമോ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗോ മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ സ്വീകരിക്കുന്നതിനോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കണം. ആരെയാണ് ലക്ഷ്യമിടുന്നത് എന്നതല്ല, നിയമം എങ്ങനെ നടപ്പാക്കുന്നു എന്നതാണ് പ്രധാനമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അനശ്വരമായ സംഭാവന നൽകിയ എഴുത്തച്ഛന്റെ ജന്മസ്ഥലമായ തിരൂരിലെ തുഞ്ചൻപറമ്പിൽ അദ്ദേഹത്തിന് അർഹമായ സ്മാരകം നിർമ്മിക്കണമെന്ന് സദാനന്ദൻ മാസ്റ്റർ എംപി പറഞ്ഞു. ഇത് എഴുത്തച്ഛനോടുള്ള ആദരവ് മാത്രമല്ല, മലയാള ഭാഷയോടും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തോടുമുള്ള ആദരവുകൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സി സദാനന്ദൻ മാസ്റ്റർ എംപി, ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.


