ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം; ചാർട്ടേഡ് അക്കൗണ്ടന്‍റുമായി ദുരൂഹമായ സന്ദേശങ്ങൾ

By Web TeamFirst Published Oct 7, 2020, 1:01 PM IST
Highlights

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് കുറ്റപത്രത്തിൽ പറയുന്നത്. സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ചുള്ള സന്ദേശങ്ങളിൽ ദുരൂഹതയുണ്ട്.

കൊച്ചി: സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ എം ശിവശങ്കറിനെതിരെ നിർണായകപരാമർശങ്ങളുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് എൻഫോഴ്സ്മെന്‍റ് കുറ്റപത്രത്തിൽ പറയുന്നത്. സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ചുള്ള ചില വാട്സാപ്പ് സന്ദേശങ്ങളിൽ ദുരൂഹതയുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

പ്രാഥമിക കുറ്റപത്രമാണ് കോടതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സമർപ്പിച്ചത്. ഇന്നലെയാണ് കൊച്ചിയിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. 

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന പ്രഭാസുരേഷിന്‍റെ ബാങ്ക് ലോക്കർ തുറക്കാൻ സഹായിച്ചത് എം ശിവശങ്കറാണെന്ന് നേരത്തേ ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ അയ്യർ മൊഴി നൽകിയിരുന്നു. ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണ് ലോക്കർ തുറന്നുകൊടുത്തതും മറ്റ് സഹായങ്ങൾ നൽകിയതും. ഇത് സംബന്ധിച്ച് ശിവശങ്കറും വേണുഗോപാൽ അയ്യരും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങളിൽ ഇനിയും വ്യക്തതയില്ലെന്നാണ് ഇഡി കുറ്റപത്രം പറയുന്നത്.

പണം കൈമാറുന്നതിനെക്കുറിച്ച് സന്ദേശങ്ങളിൽ പറയുന്നുണ്ട്. ചില അക്കങ്ങൾ 35, 1.5 എന്നിങ്ങനെയെല്ലാം ഈ ചാറ്റിൽ പറയുന്നുണ്ട്. സാറ എന്ന വ്യക്തിയെക്കുറിച്ച് പറയുന്നുണ്ട്. മുറിയിൽ ഒറ്റയ്ക്കുള്ളപ്പോൾ എന്നെ വിളിക്കണം, ചില കാര്യങ്ങൾ പറയാനുണ്ട് എന്ന് ഈ ചാറ്റിൽ പരാമർശിക്കുന്നു. പണം കൈമാറുന്നതിനെക്കുറിച്ചാണ് ഈ പരാമർശങ്ങളെല്ലാം എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് ചോദ്യം ചെയ്യലിൽ വിശദമായി ചോദിച്ചപ്പോൾ, ശിവശങ്കർ മൗനം പാലിക്കുകയായിരുന്നു. കൃത്യമായി മറുപടി നൽകാനും തയ്യാറായില്ല. ഡിജിറ്റൽ തെളിവുകൾ വിലയിരുത്തി ഇക്കാര്യങ്ങൾ പരിശോധിക്കും. അതിന് ശേഷം വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഫോഴ്സ്മെന്‍റ് കുറ്റപത്രത്തിൽ പറയുന്നു. 

സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ പ്രതികളാക്കിയാണ് ഇഡി പ്രാഥമിക കുറ്റപത്രം നൽകിയിരിക്കുന്നത്. എം ശിവശങ്കർ ഉൾപ്പടെയുള്ളവരെ പ്രതികളായി ചേർത്തിട്ടില്ല. എന്നാൽ ഇനിയും കൂടുതൽ പരിശോധനകൾ വേണ്ടതാണെന്ന് ഇഡി കോടതിയിൽ പറയുന്നതോടെ, ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചാൽ കൂടുതൽ പ്രതികളെ ചേർക്കാനുള്ള സാധ്യതയും തെളിയുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ഉദ്യോഗസ്ഥൻ ഇപ്പോഴും ഇഡിയുടെ അന്വേഷണ പരിധിയിലാണെന്നതാണ് നിർണായകമായ കാര്യം. 

click me!