ഋഷിരാജ് സിംഗ്, പി വിജയൻ - ഐപിഎസ്സുകാരുടെ പേരിൽ വ്യാജ ഐഡികളുടെ വിളയാട്ടം, പണം തട്ടൽ

By Web TeamFirst Published Oct 7, 2020, 12:23 PM IST
Highlights

ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം ചിലരോട് 10000 രൂപ വരെ അടിയന്തരമായി വേണമെന്നും ഈ ഐഡികളിൽ നിന്ന് ആവശ്യം വരും. സംശയം തോന്നിയ സുഹൃത്തുക്കൾ ഋഷിരാജ് സിംഗിനെയും ജി. ലക്ഷ്മണനെയും വിവരം അറിയിച്ചു.

തിരുവനന്തപുരം: ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ വ്യാപക ശ്രമം. ഋഷിരാജ് സിംഗ്, ഐജിമാരായ ജി. ലക്ഷ്മണൻ, പി. വിജയൻ തുടങ്ങി നിരവധി പേരുടെ വ്യാജ അക്കൗണ്ടുകളാണ് പ്രചരിക്കുന്നത്. രാജസ്ഥാൻ, ഒഡീഷ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് ഹൈടെക് സെല്ലിന്‍റെ വിലയിരുത്തൽ. 

പുണ്യം പൂങ്കാവനം, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് തുടങ്ങിയ പദ്ധതികളുടെയൊക്കെ ചുമതലക്കാരനായ ഐജി പി. വിജയൻ സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്നയാളാണ്. വെരിഫൈഡ് എഫ്ബി അക്കൗണ്ടും ഉണ്ട്. അങ്ങനെയിരിക്കെയാണ് രണ്ട് ദിവസം മുമ്പ് വ്യാജഅക്കൗണ്ട് ശ്രദ്ധയിൽപ്പെടുന്നത്. പി വിജയൻ IPS എന്ന പേരിൽ. പൊലീസ് യൂണിഫോമിലുള്ള ഫോട്ടോയാണ് പ്രൊഫൈൽ പിക്ചറും. പി. വിജയന്റെ മാത്രം അനുഭവമല്ല ഇത്. 

രണ്ടാഴ്ച മുമ്പ് ജയിൽ മേധാവി ഋഷിരാജ് സിംഗിന്‍റെ പേരിലും ഐജി ലക്ഷ്മണയുടെ പേരിലും ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ വന്നിരുന്നു. ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം ചിലരോട് പതിനായിരം രൂപ വരെ അടിയന്തരമായി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സംശയം തോന്നിയ സുഹൃത്തുക്കൾ ഋഷിരാജ് സിംഗിനെയും ജി. ലക്ഷ്മണനെയും  വിവരം അറിയിച്ചതോടെയാണ് സംഭവം വ്യക്തമായത്. കാസർകോഡ്, പത്തനംതിട്ട, ഇടുക്കി ജില്ലാ പൊലീസ് മേധാവിമാർക്കും വ്യാജ FB അക്കൗണ് മൂലം ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ഹൈടെക് സെൽ അഡീഷണൽ എസ്പി ഇ എസ് ബിജിമോന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. രാജസ്ഥാൻ, ഒഡീഷ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് വിലയിരുത്തൽ. വ്യാജ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഇ മെയിൽ അയച്ചിട്ടുണ്ട്. ഇതിന് മറുപടി കിട്ടാൻ വൈകുന്നതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. 

click me!